ഹരിപ്പാട്: ആറാട്ടുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം.സ്ത്രീകളും കുട്ടികളും വയോധികാരും അടക്കമുള്ളവർക്ക് പരിക്കേറ്റു. പലരുടേയും മുറിവുകൾ ഗുരുതരമാണ്.
ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ മംഗലം വരെയുള്ള പ്രദേശത്താണ് ഒരു തെരുവുനായ 18 പേരെ ആക്രമിച്ചത്. ആറാട്ടുപുഴ മേലേടത്തുകാട്ടിൽ നിസാമിന്റെ മകൾ അൽഫിദ (3), വടക്കേ ഇലമ്പടം ബിനുവിന്റെ ഭാര്യ പുഷ്പ (40), പറങ്കാമുട്ടിൽ ഷിഹാബിന്റെ മകൻ മുഹമ്മദ് നബ്ഹാൻ (ഒന്നര വയസ്), മുരിക്കുംമൂട്ടിൽ ബഷീർ (53), വലിയ കടവിൽ അലൻ (8), ബിനീഷ് ഭവനത്തിൽ ബിനീഷ് (21), മംഗലം ആനന്ദത്തിൽ രാജപ്പൻ (86), മംഗലം പുത്തൻതറയിൽ അജയന്റെ മകൻ അജയ് കൃഷ്ണൻ (14) തുടങ്ങിയവർക്കാണ് കടിയേറ്റത്.
മറ്റൊരു തെരുവുനായയുടെ കടിയേറ്റ് തോട്ടപ്പള്ളി വാഴക്കൂട്ടത്തിൽ രാജനും ( 70 ) മാരകമായി പരിക്കേറ്റു. വീടിന് മുന്നിലും റോഡരുകിലും നിന്നവരാണ് ഇവർ. കടിയേറ്റവർ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആറാട്ടുപുഴഭാഗത്ത് അക്രമം കാട്ടിയ പട്ടിയെ നാട്ടുകാർ പതിയാങ്കര ഭാഗത്ത് വെച്ച് തല്ലിക്കൊന്നു.