വെഞ്ഞാറമൂട്: തെരുവ് നായയെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാതെ ഒരു ഗ്രാമം. വെഞ്ഞാറമൂട് മണലിമുക്ക് മാടൻ നടയ്ക്ക് സമീപമുള്ളവരുടെ അവസ്ഥയാണിത്.
ഇവിടെ ഒരു തെരുവ് നായ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കടിച്ചത് മുപ്പതിലേറെപ്പേരെ. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം കടിയേറ്റത് ചന്തയിൽ മരച്ചീനി കച്ചവടം നടത്തുന്ന മേലെ കുറ്റിമൂട് സ്വദേശിനിയായ സാവിത്രി (62)യ്ക്കാണ്.
സാവിത്രി മണലിമുക്കിന് സമീപമെത്തിയപ്പോൾ നായ പതിയിരുന്ന് ഇരുകാലുകളും കടിച്ച് കീറുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി നായയെ തുരത്തിയത് കൊണ്ട് ഇവർക്ക് ജീവൻ തിരിച്ചു കെട്ടി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഇവരുടെ കാലുകളിൽ 18 തുന്നലുകളുണ്ട്. മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്നതായി പരാതി നൽകിയിട്ടും നിരവധി പേരെ തെരുവ് നായ കടിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.