ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം തെക്കേനടയിൽ തെരുവുനായ് ശല്യം രൂക്ഷം. ഇന്നലെ മൂന്നുപേരെ തെരുവുനായ കടിച്ചു.
ഒരു വീടിന്റെ ഗേറ്റ് ചാടിക്കടന്ന് മുന്നിൽ കെട്ടിയിട്ടിരുന്ന നായയെയും കടിച്ചു. നായയെ പിന്നീട് വാർഡ് കൗണ്‍സിലർ സന്തോഷ് ബോബന്റെ നേതൃത്വത്തിൽ നാട്ടുകാർ വലയിട്ട് പിടിച്ചു.
ക്ഷേത്രത്തിനു സമീപം പല ഭാഗത്തായി കൂട്ടംകൂടി നടക്കുന്ന ഇവ യാത്രക്കാരെ ആക്രമിക്കുന്നതു പതിവാകുകയാണെന്നു പ്രദേശവാസികൾ പറഞ്ഞു.
ക്ഷേത്രം പരിസരങ്ങളിലുംഉണ്ണായിവാരിയർ കലാനിലയം, തെക്കേനട പ്രദേശങ്ങളിലാണ് ഇവ വലിയതോതിലുള്ളത്. പകലും രാത്രിയും ജനങ്ങൾക്കും വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
തെരുവുനായകൾ കാരണം ആളുകൾ രാവിലത്തെയും വൈകീട്ടത്തെയും നടത്തംവരെ ഉപേക്ഷിച്ചു. നേരത്തെ റസിഡന്റ്സ് അസോസിയേഷൻ നഗരസഭയ്ക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുഹൈക്കോടതി സ്റ്റേ ഉള്ളതു കാരണം ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടിയെന്നു തെക്കേനട റസിഡന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
അലഞ്ഞുതിരിയുന്ന നായ്ക്കളെ പാർപ്പിക്കാൻ ഒരു സംരക്ഷണകേന്ദ്രം നിർമിക്കാൻ നഗരസഭ തയാറാകണമെന്നു തെക്കേനട റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.ആർ. മുരളീധരൻ, പ്രസിഡന്റ് എ.കെ. രാമചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.