അഴീക്കോട്: തെരുവുനായ ഏഴുവയസുകാരന്റെ മൂക്കും ചുണ്ടും കടിച്ചുപറിച്ചു. അഴീക്കോട് വൻകുളത്തുവയലിലെ മടപ്പത്തി വീട്ടിൽ നിരഞ്ജനെയാണ് തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ റോഡിൽനിന്നും ഓടിയെത്തിയ തെരുവുനായ നിരഞ്ജന്റെ മേൽ ചാടി വീഴുകയായിരുന്നു. മൂക്കും കീഴ്ചുണ്ടും കടിച്ചുപറിച്ചു.
കീഴ്ചുണ്ട് അറ്റുപോകാറായ നിലയിലായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മുഖത്ത് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയ നടത്തി.
കഴിഞ്ഞമാസം പൂതപ്പാറയിൽ വച്ച് എട്ടുപേരെ തെരുവുനായ കടിച്ചുപരിക്കേൽപ്പിച്ചിരുന്നു. അഴീക്കോടും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമായതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വൻകുളത്തുവയൽ, കൊട്ടരത്തുംപാറ, പൊയ്ത്തുംകടവ്, പൂതപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായകളുടെ എണ്ണം വർധിച്ചുവരുന്നതായും പരാതിയുണ്ട്.