കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയത്. നായയുടെ കടിയേറ്റവര്‍ വാക്സിനെടുത്തിട്ടും മരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ മാസം 21ന് കാലത്താണ് ഇവര്‍ക്ക് മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം ക്യത്യമായ വാക്സിനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
കടിയേറ്റ ചന്ദ്രിക കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസമായി കടുന്ന പനിയും അണുബാധയും ഉണ്ടായി.
പേവിഷബാധയുടെ ലക്ഷണങ്ങളും ഇവര്‍ കാണിക്കാന്‍ തുടങ്ങി. പുതിയേടത്ത് കുമാരനന്റെ ഭാര്യയാണ് ചന്ദ്രിക. മക്കള്‍:ജയേഷ്, ജിതേഷ് (ഡോഗ് സ്ക്വാഡ്, പയ്യോളി), ജിനോയ് (പോലീസ്, ചേവായൂര്‍). മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.
പ്രദേശത്തെ വേറെ നാലുപേര്‍ക്കു കുടി തെരുവുനായയുടെ കടിയേറ്റിരുന്നു. ഇവര്‍ക്കൊന്നും പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല.
ചന്ദ്രികയ്ക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇ
വരുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഫലം പുറത്തുവരും. കൂത്താളി ഗ്രാമപഞ്ചായത്തിലെ പുള്ളുവന്‍തറ രണ്ടേ ആര് മുരുകുത്തി ഭാഗത്തു നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.
ഈ വർഷം മരിച്ചത് 13 പേർ
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം 13 പേരാണു പേവിഷബാധ മൂലം മരിച്ചത്. തൃശൂര്‍ പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ, പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി എന്ന പെൺകുട്ടി, കോട്ടയം മെഡിക്കൽ കോളജിലെ ഇതരസംസ്ഥാന തൊഴിലാളി എന്നിവരാണ് ഒടുവിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇന്ന് കോഴിക്കോട്ട് പേരാന്പ്രയിൽ നായയുടെ കടിയേറ്റ വീട്ടമ്മയുടെ മരണമാണ് ഏറ്റവും ഒടുവിലത്തേത്.
കോട്ടയത്ത് മരിച്ചത് ഇതര സംസ്ഥാന തൊഴിലാളി
12നു രാവിലെ 11നു മെഡിക്കൽ കോളജ് സാംക്രമിക രോഗ വിഭാഗത്തിൽ കഴിയവെയാണ് കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടത്.
10നു രാത്രി 12.30നു മെഡിക്കൽ കോളജിൽനിന്നു ചാടിപ്പോയ ഇയാളെ 11നു രാവിലെ 6.30നു കുടമാളൂർ സ്കൂൾ ജംഗ്ഷനു സമീപമുള്ള ഒരു വീട്ടിൽനിന്നാണു പോലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചത്.
നായയുടെ കടിയേറ്റ ജീവൻ ബറുവയെ ജില്ലാ ആശുപത്രിയിൽനിന്നാണു വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്.
രാത്രി 10ന് എത്തിയ ബറുവയെ സാംക്രമികരോഗ വിഭാഗത്തിലെ ഡോക്ടർമാർ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നു കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു.
രാത്രി 12.30ന് ഇയാൾ ആശുപത്രിയിൽനിന്നു ചാടിപ്പോകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കാർത്തിക് ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകുകയും വൻ പോലീസ് സംഘം മെഡിക്കൽ കോളജ് പരിസര പ്രദേശങ്ങളിൽ നേരംപുലരും വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് വ്യാഴാഴ്ച രാവിലെ 6.30നു കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷൻ ഭാഗത്തു കണ്ട്രോൾ റൂം എസ്ഐ ടി.കെ. അനിൽകുമാർ, വെസ്റ്റ് എസ്ഐ സി. സുരേഷ്, സീനിയർ സിപിഒമാരായ മുഹമ്മദ്സമീർ, വിജേഷ്കുമാർ എന്നിവർ ചേർന്നു വളരെ സാഹസികമായി ഇവരെ പിടികൂടി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ എത്തിച്ച ഇയാളെ സാംക്രമിക രോഗ പ്രത്യേക വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു. സുഹൃത്തുക്കളായ രണ്ടുപേർ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.