ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയില്‍ പശുഫാമില്‍ കയറിയ തെരുവ് നായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകീറി കൊന്നു.
നാലുകോടി അച്ചോത്തില് ബിജുവിന്റെ പശുഫാമില്‍ തിങ്കളാഴ്ച രാത്രി 12.30നാണ് സംഭവം. ശബ്ദംകേട്ട് ബിജു ഉണര്‍ന്നു ഫാമില്‍ എത്തിയപ്പോഴാണ് കിടാരിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ബിജു വീടിന്റെ കതകു തുറന്നപ്പോഴേക്കും തെരുവു നായ്ക്കള്‍ രക്ഷപ്പെട്ടു.
ബിജുവിന്റെ ഫാമില്‍ അഞ്ചു പശുക്കളാണുള്ളത്. 16 ദിവസംമുമ്പ് പ്രസവിച്ച കിടാരിയെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്. അടച്ചുറപ്പുള്ള കൂട്ടില്‍ നായ്ക്കള്‍ നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയത്. പായിപ്പാട് പഞ്ചായത്തിലും വെറ്ററിനറി ആശുപത്രിയിലും ബിജു പരാതി നല്കി.
വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ കിടാവിനെ പോസ്റ്റ്മോര്‍ട്ടം നടത്തി. രണ്ടുമാസംമുമ്പ് ഇതേ ഫാമില്‍ തെരുവ് നായ്ക്കളുടെ ആക്രമണം നടന്നിരുന്നു. അന്ന് ആറുമാസം പ്രായമായ പശുക്കിടാവിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു.