ഗാന്ധിനഗര്‍/അയര്‍ക്കുന്നം: വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. ഇന്നലെ രണ്ടിടങ്ങളിലായി നായ്ക്കളുടെ ആക്രമണത്തില്‍ 11 പേര്‍ക്കു കടിയേറ്റു. ഇറഞ്ഞാലില് തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരുക്കേറ്റു.
ഇന്നലെ രാവിലെയാണ് ഇറഞ്ഞാല്‍ ചായക്കട ഭാഗത്ത് തെരുവുനായയുടെ ആക്രമണം. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. നായ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
അഞ്ചു വയസുകാരന് ധ്യാന്‍ ഗിരീഷ്, പാറമ്പുഴ മൈലാടുംപാറ സൂസന് അനിയന് (58), ഇതര സംസ്ഥാനക്കാരനും നട്ടാശേരിയില്‍ താമസക്കാരനുമായ അഷ്ബുള് (27), നട്ടാശേരി സ്വദേശികളായ ജനാര്ദനന്(65), ഗോപാലകൃഷ്ണന് നായര്‍ (68), സോമശേഖരന്‍(70), പ്രദേശവാസികളായ ഏലമ്മ എന്നിവര്‍ക്കാണു കടിയേറ്റത്.
വിജയപുരം പഞ്ചായത്ത് ഒന്ന്, 19 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്കാണു കടിയേറ്റത്. ധ്യാനിന്റെ നെഞ്ചിലും കൈയിലും മുറിവുണ്ട്.
മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. നായയുടെ കടിയേറ്റവരില്‍ അഞ്ചു പേര്‍ക്കു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും പ്രതിരോധ കുത്തിവയ്പ് ലഭിച്ചു.
രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനമൊന്നുമില്ലാതെ എത്തിയ നായ എല്ലാവരെയും ആക്രമിക്കുകയായിരുന്നു.
പ്രദേശത്തു നേരത്തെ കണ്ടിട്ടില്ലെങ്കിലും ഈ നായയില്‍നിന്നു മറ്റു നായകള്‍ക്കു പേവിഷബാധ പകര്ന്നുവോയെന്നു നാട്ടുകാര്‍ക്കു സംശയമുണ്ട്. അമയന്നൂര്‍ ഭാഗത്താണ് നാലു പേര്‍ക്ക് കടിയേറ്റത്.
അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശികളും ഗവണ്മെന്റ് ഹൈസ്കൂളിലെയും എംജിഎം എന്‍എസ്എസ് ഹൈസ്കൂളിലെയും വിദ്യാര്‍ഥികളുമായ അമയന്നൂര്‍ പുളിയംപന്തം മാക്കല്‍ സന്തോഷിന്റെ മകന് ആദിത്യന് (10), കല്ലേപുരയ്ക്കല്‍ ലീലാമ്മയുടെ മകള്‍ അഭിരാമി (13), അമയന്നൂര്‍ സ്വദേശികളായ അമയ (10), അമൃത (13) എന്നീ വിദ്യാര്‍ഥികള്‍ക്കാണു കടിയേറ്റത്.
സ്കൂളിലേക്കു പോകുന്നതിനായി റോഡിലേക്കു വരുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ രാവിലെ എട്ടിനും 8.30നും ഇടയിലായിരുന്നു സംഭവം.
വിദ്യാര്‍ഥികളുടെ കൈക്കും കാലിനും കടിയേറ്റു. ഉടന്‍ തന്നെ പാമ്പാടി ഗവണ്മെന്റ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
തെരുവു നായയുടെ കടിയേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നട്ടാശേരി ചായക്കട ഭാഗത്തു തെരുവുനായശല്യം രൂക്ഷമാണ്.
നായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അഞ്ച് ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്നു
മുട്ടുചിറ: തീറ്റയ്ക്കായി റബര്‍ത്തോട്ടത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നു. ഒരെണ്ണം ഗുരുതര പരിക്കുകളോടെ ചാവാറായ നിലയില്‍.
ശബ്ദം കേട്ട് സമീപവാസിയെത്തി രണ്ട് ആടുകളെ അഴിച്ചുവിട്ടതിനാല്‍ ഇവ രക്ഷപെട്ടു. മുട്ടുചിറ കുരീക്കല്‍ അംബിക (57) യുടെ ആടുകളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്.
സമീപത്തെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളാണ് ആക്രമണം നടത്തിയതെന്നു അംബിക പറഞ്ഞു. ഇന്നലെ സമീപത്തെ റബര്‍ത്തോട്ടത്തില്‍ തീറ്റയ്ക്കായി കെട്ടിയിട്ടപ്പോഴാണ് സംഭവം. മൂന്ന് വലിയ ആടുകളാണ് ചത്തതെന്ന് വീട്ടമ്മ പറഞ്ഞു.
സമീപാസികളുടെ കോഴികളെ ഉള്‍പ്പെടെ മുമ്പ് പലതവണ പിടിച്ചുതിന്നിരുന്ന നായ്ക്കളെ കെട്ടിയിടണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ തയാറായില്ലെന്നും പരാതിയുണ്ട്.
കടുത്തുരുത്തി പോലീസ് സ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. അംബികയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.