ഗുരുഗ്രാം: വളര്‍ത്തുനായയുടെ കടിയേറ്റ് പരിക്കേറ്റ സ്ത്രീക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്കാന് നിര്‍ദേശം. ഹരിയാനയിലെ ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ആണ് നിര്‍ദേശിച്ചത്.
വേണമെങ്കില്‍ നഷ്ടപരിഹാര തുക നായയുടെ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അറിയിച്ചു.
വീട്ടുജോലി ചെയ്ത് ജീവിക്കുന്ന മുന്നി എന്ന യുവതിയെ ആണ് വിനിത് ചിക്കാര എന്നയാളുടെ നായ ആക്രമിച്ചത്. ബന്ധുവിനൊപ്പം ജോലിക്ക് പോകുമ്പോള്‍ നായ കടിക്കുകയായിരുന്നു.
തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ മുന്നിയെ ഗുരുഗ്രാമിലെ സിവിൽ ആശുപത്രിയിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.
സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ നായയുടെ ഇനം പിറ്റ്ബുൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നായ ഡോഗോ അർജന്റീനോ എന്ന ഇനത്തിൽപ്പെട്ടതാണെന്ന് ഉടമ അറിയിച്ചു.
സംഭവത്തിൽ ഇടപെട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം നായയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാനും നായയെ വളർത്താനുള്ള ചിക്കരയുടെ ലൈസൻസ് റദ്ദാക്കാനും ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
കൂടാതെ, ഇനം 11 വിദേശ ഇനം നായ്ക്കളെ നിരോധിക്കാനും തെരുവ് നായ്ക്കളെ കസ്റ്റഡിയിലെടുക്കാനും കോർപ്പറേഷനോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം മൂന്നുമാസത്തിനുള്ളിൽ നൽകണമെന്നാണ് കർശന നിർദേശം.