കണ്ണൂർ: ചക്കരകല്ല് ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞുങ്ങളുൾപ്പെടെ 30 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരം. ഇന്ന് രാവിലെ ഏഴോടെ ചാല കോയിയോട്, പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കല്ല് സോനാ റോഡ്, ചക്കരക്കൽ സിവിലിന് സമീപം എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
ഗുരുതര പരിക്കുകളോടെ ടി.കെ. രാമചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ സ്വദേശികളായ ശാന്ത (70), അനിഘ(10)സിനി അനിൽ(35)സുമ (47),വിനായകൻ(4), മുഹമ്മദ്(8)സുൽഫർ(13), പനേരിച്ചാൽ സ്വദേശികളായ രഘു രാജൻ(59)എ. എം.രമേശൻ(65), ഷൈജു(42), ഷൈനി (44) ശ്രീജ(49) രാമകൃഷ്ണൻ(54) സജിനി (45) രഹില (34) ജിപേഷ്(38) മനോഹരൻ(56) ഗോപി(42) താഹിറ (53) സനിത(38) രാജേഷ്(44) സാജിദ്(18) ശ്രേയ(46) ശിവന്യ(15) രതുല(40) മുഴപ്പലാ സ്വദേശി പ്രസന്ന (70), ഇതര സംസ്ഥാന തൊഴിലാളി ആലം ഹുസൈൻ(21) ആർവി മെട്ടയയിലെ ശ്രീജൻ(46),കോളജ് വിദ്യാർഥി വിഷ്ണു(18), അനഘ(21) തുടങ്ങി 30 ഓളം പേരെ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് കാത്ത് നിന്നവരെയും റോഡിലൂടെ നടന്ന് പോയവരെയും വീടിന്റെ വരാന്തയിലും അടുക്കളയിലും നിന്നവരെയുമാണ് തെരുവുനായ ആക്രമിച്ചത്.ചാല കോയിയോട് റോഡിലൂടെ നടന്ന് പോകുകയായിരുന്നവരെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്. പിന്നീട് പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കൽ സോനാറോഡ്, ചക്കരക്കൽ സിവിൽ റോഡ് എന്നിവിടങ്ങളളവരെയും കടിക്കുകയായിരുന്നു.
ടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീടിനകത്തുകയറിയാണ് സുമയെ നായകടിച്ചത് . കൈക്കും കാലിനും കടിയേറ്റു. റോഡിലൂടെ നടന്നു പോകുന്പോഴാണ് അനഘയെ തെരുവുനായ ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന അമ്മ ബാഗ് എടുത്ത് തല്ലിയത് കൊണ്ട് സാരമായി പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
വീടിന്റെ വരാന്തയിലിരുന്ന് കളിക്കുന്നതിനിടെയാണ് പിഞ്ചുകുഞ്ഞുങ്ങളായ വിനായകൻ(4) മുഹമ്മദ്(8) പരിക്കേറ്റത്. കോളജിൽ പോകാൻ ബസ് കാത്ത് നിൽക്കുന്നതിനിടെ വിഷ്ണുവിന് കടിയേറ്റത്. നെഞ്ചിലും കൈക്കും കടിയേറ്റു. വിഷ്ണുവിന്റെ ഷർട്ട് തെരുവുനായ കടിച്ചു കീറി. പ്രദേശത്ത് ഭീതി പരത്തിയ തെരുവുനായയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.