തലയോലപ്പറമ്പ്: സ്കൂള്‍ വളപ്പിൽ കയറി തെരുവുനായ വിദ്യാർഥിനിയെ കടിച്ചു പരിക്കേൽപിച്ചു. തലയോലപ്പറമ്പ് എ.ജെ. ജോണ്‍മെമ്മോറിയൽ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.30ന് സ്കൂള്‍ ഓഡിറ്റോറിയത്തിനു സമീപം കൂട്ടുകാരുമൊത്ത് വിദ്യാർഥിനി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് സ്കൂൾ വളപ്പിലേക്ക് കുരച്ച് പാഞ്ഞെത്തിയ തെരുവുനായ ആക്രമണം നടത്തിയത്.
വിദ്യാർഥിനിയെ നായ കടിക്കുന്നതുകണ്ട മറ്റ് വിദ്യാര്‍ഥിനികള്‍ ഓഡിറ്റോറിയത്തില്‍ ഓടി കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
വിദ്യാർഥിനികളുടെ അലറികരച്ചില്കേട്ട് അധ്യാപകര്‍ ഓടിയെത്തിയപ്പോൾ നായകടന്നുകളഞ്ഞു. വിദ്യാര്‍ഥിനിയെ സ്കൂൾ അധികൃതർ തലയോലപ്പറമ്പിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി.
കാലില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈസമ്മ ജോസഫ്, വെറ്റിറനറി ഡോ. അജിത്ത് എന്നിവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
സ്കൂളിന്റെ തകര്‍ന്നുകിടക്കുന്ന സംരക്ഷണഭിത്തിക്കിടയിലൂടെയാണ് നായ്ക്കള്‍ സ്കൂളില്‍ കയറുന്നത്. സംരക്ഷണഭിത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ പറഞ്ഞു.
സ്കൂളിലെ ഭക്ഷണ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മാലിന്യം തുറസായ സ്ഥലത്ത് നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നും വെറ്റിനറി സര്ജന് ഡോ.അജിത് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.