കാക്കനാട്: തൃക്കാക്കരയിൽ പ്രഭാത നടത്തത്തിനിറങ്ങിയ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു. തൃക്കാക്കര അമ്പലം, കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസ്, കൊച്ചിൻ പബ്ലിക് സ്കൂൾ റോഡ്, എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് കരുതുന്നത്.
രാവിലെ ആറോടെ കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസിനകത്തു കൂടി നടന്നു പോയവർക്കാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് പൈപ്പ് ലൈൻ റോഡുവഴി ഇറങ്ങിയ നായ കണ്ടവരെയെല്ലാം കടിച്ച് പരിക്കേൽപ്പിച്ചു.
കൊച്ചിൻ പബ്ളിക് സ്കൂൾ റോഡിലൂടെ നടന്നുപോയ രണ്ട് തമിഴ് തൊഴിലാളിൾക്കും കടിയേറ്റു. പീന്നീട് തൃക്കാക്കര പുക്കാട്ടുപടി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തൃ ക്കാക്കര യൂണിറ്റി റോഡിൽ അബ്ദുൾ കരീമിനെയും കടിച്ച തെരുവുനായ തൃക്കാക്കര അമ്പലത്തിനടുത്ത് ഗ്രീൻഗാർഡൻ റോഡിലൂടെ ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയെ കടിക്കാൻ ശ്രമിച്ചു.
പക്ഷേ നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നു നായ ഓടി മറഞ്ഞു.രണ്ടാഴ്ച മുമ്പ് യൂണിവേഴ്സിറ്റി കാമ്പസ് റോഡിൽ നടന്നു പോയ രണ്ട് പേരെ തെരുവുനായ കടിച്ചിരുന്നു. കടിയേറ്റവർ സ്വകാര്യ ആശുപത്രികളിലും കളമശേരി മെഡിക്കൽ കോളജിലും ചികിത്സ തേടി.