കായംകുളം : ജനങ്ങളെ ഭീതിയിലാക്കി കായംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ആക്രമണം വ്യാപമായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ പത്തോളം പേർക്ക് ഇന്നലെ തെരുവ് നായ്ക്കളുടെ കടിയേറ്റു.
കായംകുളം ചിറക്കടവം, പുള്ളിക്കണക്ക്, കൊറ്റുകുളങ്ങര, കന്നീശാകടവ്, എന്നിവിടങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. കറവ തൊഴിലാളിയായ മുരുകൻ (50), ആഷിത്(14), കെസിറ്റി ജീവനക്കാരൻ പ്രണവ് (24), ഷംനാദ് (18), നഫിയത്ത്(8), ജസ്ന(25), കദീജ (60), റംല (55) നസീല (24) എന്നിവർ ഉൾപ്പടെ പത്തോളം പേർക്കാണ് കടിയേറ്റത്. മിക്കവർക്കും മുഖത്താണ് മാരകമായി കടിയേറ്റത്.
ഇതിൽ മുഖത്തും മൂക്കിലും കടിയേറ്റ കറവത്തൊഴിലാളി മുരുകനുൾപ്പടെ നാലുപേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് സൈക്കിളിൽ പോകുന്പോഴാണ് ഇയാളെ തെരുവ്നായ്ക്കൾ കൂട്ടം കൂടി ആക്രമിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്കൂളിലേക്കു പോകുന്പോഴാണ് രണ്ട് വിദ്യാർഥികൾക്ക് കടിയേറ്റത്. കൂട്ടത്തോടെ എത്തിയ നായ്ക്കൾ ഓടി നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജനങ്ങൾ ഭയന്ന് വീടിന് പുറത്തിറങ്ങിയില്ല. ഇതിനിടയിൽ അക്രമകാരിയായ ഒരു നായയെ കോയിക്കൽ പടി ജംഗ്ഷനിൽ വെച്ച് നാട്ടുകാർ തല്ലിക്കൊന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ അന്പതോളം പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. വളർത്തു മൃഗങ്ങൾക്ക് നേരെയും വ്യാപകമായി ആക്രമണം ഉണ്ടായി.
കഴിഞ്ഞ ദിവസം ചിറക്കടവത്തെ കോഴി ഫാമിൽ അന്പതോളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി കായംകുളം നഗരസഭ നാളിതു വരെ ഒന്നും ചെയ്തിട്ടില്ലെന്ന് സോഷ്യൽ ഫോറം ആരോപിച്ചു. സംസ്ഥാനത്തെ മിക്ക നഗരസഭകളും തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പാക്കിയപ്പോൾ കായംകുളം നഗരസഭ ഉദ്യോഗസ്ഥർ പദ്ധതിയോട് അലംഭാവം കാട്ടുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി തെരുവ് നായയുടെ അക്രമത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ധനസഹായം ലഭിക്കുന്നതിന് വേണ്ടി ജസ്റ്റീസ് സിരിജഗൻ കമ്മറ്റി മുൻപാകെ സൗജന്യ നിയമസഹായം ചെയ്തു വരുന്ന സോഷ്യൽ ഫോറം തെരുവ് നായ നിയന്ത്രണ പദ്ധതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് നിയവധി സമരങ്ങൾ സംഘടിപ്പിച്ചിട്ടും നഗര ഭരണക്കാർ പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നെന്ന് സോഷ്യൽ ഫോറം പ്രസിഡൻറ് ഒ.ഹാരിസ് ആരോപിച്ചു.