ഇടുക്കി: കുമളിയിൽ വയോധിക ഉൾപ്പടെ ഏഴോളം പേർക്ക് തെരുവുനായുടെ കടിയേറ്റു. കുമളി വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാംമൈൽ മേഖലകളിലാണ് ഇന്നു രാവിലെ ഏഴോടെ തെരുവു നായ ആളുകളെ കൂട്ടത്തോടെ കടിച്ചത്.
രാവിലെ പാലു മേടിക്കുന്നതിനും മറ്റുമായി പോയവരെയാണ് നായ കടിച്ചത്. പലരുടെയും കാലിനും മറ്റും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് സൂചന.
നായയെ പ്രദേശവാസികൾ തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. ആസാം സ്വദേശി ഫൈജുൽ ഇസ്ലാം, വലിയകണ്ടം സ്പൈസ്മോ ട്രേഡിംഗ് കന്പനി ജീവനക്കാരനായ മൂർത്തി, തോട്ടം തൊഴിലാളിയായ പൊന്നിത്തായി, അമരാവതി സ്വദേശികളായ മോളമ്മ, രാജേന്ദ്രലാൽ ദത്ത്, എന്നിവർക്കാണ് കടിയേറ്റത്.
ഇതിൽ പൊന്നിത്തായിയുടെ കാലിന് ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കടിയേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ വാക്സിൻ നൽകി.
ജില്ലയിൽ ഇന്നു മുതൽ പേവിഷ ബാധയ്ക്കെതിരെ നായ്കൾക്ക് ഉൗർജിത പ്രതിരോധ വാക്സിനേഷൻ ആരംഭിക്കാനിരിക്കെയാണ് വീണ്ടും തെരുവു നായ ആക്രമണമുണ്ടായത്.