മണ്ണഞ്ചേരി: പഞ്ചായത്ത് പത്താം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് പത്തോളം പേർ ആശുപത്രിയിൽ ചികിത്സ തേടി. 10-ാം വാർഡിൽ ചക്ക നാട്ടുവെളി സയൂര(10), ചെത്തുകുന്നേൽ സജീല (50), ലക്ഷംവീട് കോളനി സരള(60), ശ്രീശൈലത്തിൽ ലളിതാംബിക (60), അക്കരോട്ട് മനോഹരൻ (65), പൊന്നിട്ടശേരി സുശീല (65), കുറ്റിപ്പുറത്ത് അതുൽ (10), കുന്നേപ്പാടം കോളനിയിൽ മോഹിനി (60) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. ബ്യൂട്ടി വായനശാലയ്ക്കു തെക്കുവശത്തായിട്ടുള്ളവരാണ് നായയുടെ ആക്രമണത്തിനിരയായത്. ഒന്നിലധികം ആളുകളെ കടിച്ചതിനെ തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് നായയെ പിന്തുടർന്നെങ്കിലും ഓടിനടന്ന് പലരെയും കടിക്കുകയായിരുന്നു.
ഇതിനിടയിൽ പഞ്ചായത്തിലും, പോലീസിലും വിവരം അറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തുകയോ ചെയ്തില്ലെന്നു പ്രദേശവാസികൾ പറയുന്നു. പലരെയും നായ കടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർ പൊന്നിട്ടശേരി സന്തോഷ് കുമാറിന് ഓട്ടത്തിനിടെ വീണ് കൈക്കും പരിക്കേറ്റു. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ ഇവ കടിച്ചിട്ടുണ്ടോ എന്ന ഭീതിയിലാണു ജനം.