അമ്പലപ്പുഴ: തെരുവുനായയിൽനിന്ന് രക്ഷപ്പെടാൻ തോട്ടിൽ ചാടി മുങ്ങിത്താണ കൂട്ടുകാരനെ രക്ഷിച്ച അഭിനവിനെ എച്ച്. സലാം എംഎൽഎ അനുമോദിച്ചു.
പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് തോട്ടപ്പള്ളി പുത്തൻവീട്ടിൽ പ്രവീൺ – സോളി ദമ്പതികളുടെ മകൻ അഭിനവി(11) നെയാണ് എച്ച്. സലാം എംഎൽഎ വീട്ടിലെത്തി അനുമോദിച്ചത്.
മാന്നാർ പാവുക്കര കരയോഗം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. മൂന്നുവർഷമായി അമ്മ സോളിയുടെ മാന്നാറിലുള്ള മേൽപ്പാടം കോയിപ്പള്ളി വിരുത്തിൽ വീട്ടിൽനിന്നാണ് അഭിനവ് പഠിക്കുന്നത്.
ഓഗസ്റ്റ് 23ന് വൈകിട്ട് ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും അഭിനവിന്റെ സുഹൃത്തുമായ സിദ്ധാർഥ് അഭിനവിന്റെ വീട്ടിലേക്ക് എത്തുമ്പോഴാണ് സംഭവം. ഭയന്നോടിയ സിദ്ധാർഥ് രക്ഷയ്ക്കായി സമീപത്തെ തോട്ടിലേക്കു ചാടി. ഇതുകണ്ടു അഭിനവ് സിദ്ധാർഥിനെ രക്ഷിക്കാനായി ചാടുകയായിരുന്നു.