കണ്ണൂർ: സംസാര ശേഷിയില്ലാത്ത 11 വയസുകാരൻ തെരുവുനായ അക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മുഴപ്പിലങ്ങാട് മേഖലയിലെ തെരുവുനായ്ക്കളെ പിടിച്ചു തുടങ്ങി.
പടിയൂർ എബിസി സെന്ററിൽനിന്നുള്ളവരാണ് നായ്ക്കളെ പിടിക്കുന്നത്. പിടികൂടുന്ന നായ്ക്കളെ പടിയൂരിലുള്ള എബിസി സെന്ററിലേക്ക് കൊണ്ടുപോയി വന്ധീകരണം നടത്തും.
മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപം വിദേശത്തുള്ള നൗഷാദ്-മുഫീസ ദന്പതികളുടെ മകൻ നിഹാലാണ് തെരുവുനായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണെന്ന് നേരത്തേ പരാതിയുയർന്നിരുന്നു. കുട്ടികളെ സ്കൂളിലേക്ക് വരെ ഏറെ ഭീതിയോടെയാണ് രക്ഷിതാക്കൾ വിട്ടിരുന്നത്.
നിരവധി തവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടിയെടുത്തില്ലെന്നും പ്രദേശവാസികൾ പറയുന്നു. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കളിക്കുന്നതിനിടെ രണ്ടു കുട്ടികൾക്ക് തെരുവുനായയുടെ ക്രൂരമായ ആക്രമത്തിൽ പരിക്കേറ്റിരുന്നു.
പാനൂർ അയ്യപ്പക്ഷേത്രത്തിനു സമീപത്തെ കുനിയിൽ നസീർ-മുർഷിദ ദന്പതികളുടെ മകൻ ഐസിൻ നസീറിനെയാണ് തെരുവുനായ ആക്രമിച്ചത്. വീടിന്റെ മുറ്റത്തിറങ്ങുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി തെരുവുനായയുടെ അക്രമം.
തെരുവുനായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട 11 വയസുകാരൻ നിഹാലിന്റെ സംസ്കാരം ഇന്ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. നിഹാലിന്റെ പോസ്റ്റുമോർട്ടം തലശേരി ജനറൽ ആശുപത്രിയിൽ നടന്നു.
വാക്സിനേഷൻ യജ്ഞംപാതിവഴിയിൽ നിലച്ചു
തെരുവുനായ ഭീഷണി മറികടക്കാന്‍ നഗരസഭാ, ബ്ലോക്ക് തലങ്ങളില്‍ ആരംഭിച്ച വാക്സിനേഷന് യജ്ഞം പാതിവഴിയില്‍. ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡോഗ് ലവേഴ്സ് സംഘടനയുടെ സഹായത്തോടെ തെരുവുനായകള്‍ക്ക് വാക്സിനേഷന് നടത്തിയിരുന്നു.
ഇതും നിലച്ച അവസ്ഥയിലാണ്. ഓരോ പ്രദേശത്തെയും നായകളുടെ എണ്ണത്തിനനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണമെന്ന നിലയില്‍ ഓപ്പറേഷന് തിയേറ്ററും നായകളെ പാര്‍പ്പിക്കാനുള്ള കേന്ദ്രവും ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
തുടക്കത്തിൽ പഞ്ചായത്ത് തലത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് വാക്സിനേഷൻ നടത്താനുള്ള പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ, സാന്പത്തിക ബാധ്യത ഏറിയതോടെ ഇത് പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
ഒരു തെരുവുനായക്ക് വാക്സിനെടുക്കാൻ 200 മുതൽ 300 വരെയാണ് ചെലവ് വരുന്നത്. ഓരോ തദ്ദേശ സ്ഥാപനങ്ങളും ഇത് സ്വന്തം കൈയിൽ നിന്ന് എടുക്കേണ്ട അവസ്ഥ വന്നതോടെയാണ് നിർത്തിയത്. കൂടാതെ, പല സ്ഥലങ്ങളിലും തെരുവുനായയെ പിടികൂടാൻ ആളെ കിട്ടാത്തതും വെല്ലുവിളിയായി.
പട്ടിപിടിത്തത്തിന് ആളെ കിട്ടാനില്ല
തെരുവ് നായ ശല്യം അനുദിനം വര്‍ധിക്കുമ്പോഴും ജില്ലയില്‍ നായപിടിത്തതിന് ആളെ കിട്ടാനില്ല. തെരുവുനായകളെ വന്ധ്യംകരണത്തിനായി പിടികൂടാനായി തദ്ദേശീയരെ ലഭിക്കാതായപ്പോള്‍ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതിയില്‍ ഉള്‍പെടുത്തി നേപ്പാളില്‍ നിന്നാണ് നായപിടുത്തക്കാരെ എത്തിച്ചത്.
എന്നാല്‍ നിലവില്‍ ഇവരെയും കിട്ടാനില്ലാത്ത അവസ്ഥയാണ്. തുടക്കത്തിൽ ആറ് നായ്പിടിത്തക്കാരായിരുന്നു എബിസി സെന്ററിൽ ഉണ്ടായിരുന്നത്.
ഈ സമയത്ത് ഒരു ദിവസം 10 നായകളെ വരെ പിടികൂടിയിരുന്നു. പ്രതിമാസം 200 ഓളം ശസ്ത്രക്രിയകളും നടന്നിരുന്നു. എന്നാൽ, നായപിടിത്തക്കാർ നാലായി ചുരുങ്ങിയതോടെ പ്രതിദിനം പിടിക്കുന്ന നായയുടെ എണ്ണവും കുറഞ്ഞു.പ്രതിമാസം 20000 രൂപയാണ് നായ പിടിത്തക്കാർക്ക് നൽകുന്നത്.