ഒളരിക്കര: നാട്ടുകാരെ വളർത്തുനായയെ വിട്ട് കടിപ്പിക്കൽ ഹോബിയാക്കിയ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. ഒളരി എൽത്തുരുത്ത് ബാറിനു സമീപം താമസിക്കുന്ന തടിമില്ലുടമയായ ബിസിനസുകാരനായ യുവാവാണ് കഞ്ചാവ് ലഹരിയിൽ തന്റെ ഹോബിക്കൊടുവിൽ പോലീസിന്റെ പിടിയിലായത്. ഏറെ സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്.
കഞ്ചാവ് ലഹരിയിൽ വളർത്തു നായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കലായിരുന്നു ഇയാളുടെ പണി. ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്നവർക്കാണ് കൂടുതലും കടിയേറ്റിരുന്നത്. ചിലർ ചികിത്സ തേടുകയും പലരും കാര്യമാക്കാതെ പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുപേരെയാണ് ഇത്തരത്തിൽ ഈ നായ കടിച്ചത്. ഇതോടെ സഹികെട്ട നാട്ടുകാരും വഴിയാത്രികരും ഇയാളുടെ വീടിനു മുന്നിൽ തടിച്ചുകൂടി.
ഇതുകണ്ടപ്പോൾ യുവാവും സഹായികളും വടിവാൾ വീശിയും കല്ലും കുപ്പിയും നാട്ടുകാർക്ക് നേരെയെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് നാലുവണ്ടികളിലായി എത്തിയ പോലീസുകാർക്കും ആദ്യം ഇയാളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.
തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ ഏറെ പാടുപെട്ട് മണിക്കൂറുകൾക്ക് ശേഷംസാഹസികമായാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതിനിടെ തൃശൂർ-കാഞ്ഞാണി റോഡിൽ വൻഗതാഗതക്കുരുക്കും ഉണ്ടായി. കുരുക്കിൽ പെട്ടു കിടക്കുകയായിരുന്ന ഒരു വണ്ടിയുടെ ചില്ലും ഇയാൾ തല്ലിപ്പൊട്ടിച്ചു.
പോലീസിനെതിരെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പോലീസ് കൊണ്ടുവന്ന ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത് യഥാർത്ഥ പ്രതിയെ അല്ലെന്നും യുവാവിന്റെ സഹായിയെയാണെന്നും ആരോപിച്ചാണ് നാട്ടുകാർ പോലീസിനോടു പ്രതിഷേധിച്ചത്. പിന്നീട് കൂടുതൽ പോലീസെത്തി രാത്രി വൈകിയാണ് യുവാവിനെ പിടികൂടിയത്.
ഇയാൾ മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. പോലീസ് പിന്നീടിയാളെ തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ നാട്ടുകാർ ഭീമഹർജി ഒപ്പിട്ട് വെസ്റ്റ് പോലീസിൽ നൽകിയിട്ടുണ്ട്.