പള്ളിക്കുന്ന്: പള്ളിക്കുന്നിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷം. വിദ്യാർഥികൾക്ക് ഉൾപ്പെടെ തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ ഭക്ഷണം കഴിക്കുന്ന കൗണ്ടറിൽ നിന്നുള്ള മാലിന്യം സമീപത്തു തന്നെ നിക്ഷേപിക്കുന്നതാണ് തെരുവ്നായശല്യം രൂക്ഷമാക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കുവാൻ കൂട്ടത്തോടെയെത്തുന്ന തെരുവ്നായ്ക്കളാണ് ആക്രമിക്കുന്നത്.
ജയ്ജവാൻ റോഡ്, കാനത്തൂർ റോഡ്, പള്ളിക്കുന്ന് റോഡ് എന്നിവിടങ്ങളിലൂടെ ആളുകൾക്ക് കാൽനടയാത്രയായി സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇന്നലെ പള്ളിക്കുന്ന് സ്വദേശിയായ വീട്ടമ്മയ്ക്ക് കടിയേറ്റു. മാലതി മന്ദിരത്തിലെ അംബുജാക്ഷിക്കാണ് തെരുവ്നായയുടെ കടിയേറ്റത്.