പാമ്പാടി: ഏഴാം മൈലിൽ കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഏഴു പേർക്കാണ് നായയുടെ കടിയേറ്റത്.
ആക്രമണം നടത്തിയതിനു പിന്നാലെ നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചത്.
കടിയേറ്റവർ എല്ലാം തന്നെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. നായ മൃഗങ്ങളെ കടിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.
ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ കിടന്നുറങ്ങിയ സ്കൂൾ വിദ്യാർഥിക്ക് അടക്കം ഏഴു പേർക്കു നായയുടെ കടിയേറ്റത്.
വയറിലും നെഞ്ചിലും ഉൾപ്പെടെ 34 മുറിവുകളാണ് മിനിട്ടുകൾ മാത്രം നീണ്ട നായ ആക്രമണത്തിൽ നിഷ എന്ന വീട്ടമ്മയ്ക്ക് ഏറ്റത്.
വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് നിഷയുടെ അയൽവാസിയായ ഏഴാം ക്ലാസുകാരൻ ഫെബിനു പട്ടിയുടെ കടിയേറ്റത്.
ബഹളം കേട്ടെത്തിയ മറ്റ് അഞ്ചു പേർക്കും കടികിട്ടി. പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയതു പേവിഷബാധ മൂലമാണെന്നു സംശയം ഉയർന്നിരുന്നു.
തെരുവുനായ പാഞ്ഞുവരുന്നതു കണ്ടു വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ വീട്ടമ്മയെ വീടിനുള്ളിൽ കയറിയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു.
ഏഴാംമൈൽ സ്വദേശികളായ നിശാ സുനിൽ, പാറയിൽ വീട്ടിൽ ഫെബിൻ, പതിനെട്ടിൽ സുമി, കാലായിൽ രാജു എന്നിവരെ അടക്കം ഏഴ് പേരെയാണ് തെരുവ് നായ ഇന്നലെ കടിച്ചത്.
ഇതിൽ നിഷയെയും, ഫെബിനെയുമാണ് വീട്ടിൽ കയറി കടിച്ചത്. പാമ്പാടിയിൽ തെരുവുനായ ശല്യം രൂക്ഷമാകാൻ കാരണം റോഡുകളിൽ തള്ളുന്ന ഹോട്ടൽ മാലിന്യവും അറവുശാലകളിലെ മാലിന്യവുമാണെന്ന് നാട്ടുകാർ ആരോപിച്ചു.