പത്തനംതിട്ട: നായയുടെ കടിയേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പന്ത്രണ്ടുവയസുകാരിയുടെ മുഖത്തേറ്റ കടിയാണ് മാരകമായതെന്നാണ് ഡോക്ടർമാരുടെ നിഗമനം.
കുത്തിവയ്പുകൾ സ്വീകരിച്ചിട്ടും കുട്ടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകാൻ ഇതു കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
കുട്ടിയുടെ ഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽനിന്നു ശ്രവം എന്നിവ പരിശോധനയ്ക്കു വിധേയമാക്കിയതായി ഡോ. ജയപ്രകാശ് പറഞ്ഞു.
ത്വക്രോഗ പരിശോധനയ്ക്കായി കഴുത്തിന്റെ പിൻഭാഗത്തെ സാന്പിൾ ശേഖരിച്ചു തിരുവനന്തപുരം, പൂന വൈറോളജി ലാബുകളിലേക്ക് അയച്ചുകൊടുത്തു.
വായിൽനിന്നു നുരയും പതയും വന്നു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനാലാണ് സാമ്പിളുകൾ ലാബുകളിലേക്ക് അയച്ചത്.
നാലു മണിക്കൂർ ഇടവിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്നും ഡോ. ജയപ്രകാശ് കൂട്ടിച്ചേർത്തു.പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ചികിത്സയിലുള്ള അഭിരാമി.
സഹോദരൻ കാശിനാഥൻ ഇതേ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. വിദേശത്ത് ഇലക്ട്രീഷനായ ഹരീഷ് കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്.