ചെറായി: മുനമ്പത്ത് പോലീസ് സ്റ്റേഷൻ വളപ്പിൽ കയറിയ തെരുവുനായ പോലീസുകാരനെ കടിച്ചു. എസ്ഐ ജയകുമാറിനാണ് കടിയേറ്റത്. ഇദ്ദേഹം പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
മുനമ്പം പോലീസ് സ്റ്റേഷനോട് ചേർന്ന കച്ചേരി മൈതാനിയിലും ആശുപത്രി വളപ്പിലുമാണ് തെരുവ് നായകൾ തമ്പടിച്ചിരിക്കുന്നത്. സ്റ്റേഷനിലും ആശുപത്രിയിലും വരുന്ന സാധാരണക്കാരെ തെരുവുനായകൾ ആക്രമിക്കുകയും പതിവാണത്രേ.
നിരവധി തവണ പള്ളിപ്പുറം പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മാസം പേയിളകിയ തെരുവു നായ ചെറായി മേഖലയിൽ ഒമ്പത് പേരെ ഗുരുതരമായി കടിച്ചിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടായിട്ടില്ല.