പോത്താനിക്കാട്: പല്ലാരിംഗലം പൈമറ്റത്ത് സ്വന്തം വളർത്തുനായയിൽനിന്നു കടിയേറ്റ യുവാവ് പേവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ.
മറ്റൊരു നായയുടെ കടിയേറ്റ സ്വന്തം വളർത്തുനായയെ പരിചരിച്ചപ്പോഴാണ് ഇദ്ദേഹത്തിനു പേ വിഷബാധയുണ്ടായതെന്നാണ് സംശയം. അവശനിലയിൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേവിഷബാധയേറ്റതായി അറിഞ്ഞത്. ഇതിനിടെ വളർത്തുനായ ചത്തു.
പ്രദേശത്തെ മറ്റു ചില നായകളും പൂച്ചകളും സമീപ ദിവസങ്ങളിൽ ചത്തിട്ടുണ്ട്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ബോധവത്കരണവും പ്രതിരോധ നടപടികളും ആരംഭിച്ചു. നായ, പൂച്ച എന്നിവയ്ക്ക് പേ വിഷത്തിനെതിരായ വാക്സിൻ നൽകിത്തുടങ്ങി.
പരമാവധിയാളുകൾക്കു പ്രതിരോധവാക്സിൻ നൽകാൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ നിരീക്ഷിക്കണമെന്നും രോഗലക്ഷണംകണ്ടാൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വളർത്തുമൃഗങ്ങളിൽനിന്നു കടിയേൽക്കുകയോ മറ്റുതരത്തിൽ മുറിവേൽക്കുകയോ ചെയ്യാതെ ശ്രദ്ധിക്കണം. ഡോ. അഭിലാഷ് കൃഷ്ണൻ, ഡോ. റസീന എന്നിവർ ക്ലാസ്സെടുത്തു.
ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു നിർവഹിച്ചു. വാർഡംഗം പി.എം.സിദ്ദിഖ്, ഒ.ഇ. അബ്ബാസ്, ഷംസുദ്ദീൻ മക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.