ആലപ്പുഴ: ഹരിപ്പാട്ട് വയോധിക തെരുവുനായയുടെ കടിയേറ്റു മരിച്ചു. പിലാപ്പുഴ വടയിക്കാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മ (87) ആണ് തെരുവ് നായ കടിച്ചു കൊന്നത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. എന്നും കൂട്ടുകിടക്കാൻ പോയിരുന്ന അയൽവാസി രാത്രിയിൽ എത്തിയപ്പോഴാണ് ദേഹമാസകലം കടിയേറ്റ നിലയിൽ വീടിനു സമീപം കിടന്ന രാജമ്മയെ കണ്ടത്. പറന്പിൽ കൂട്ടിയിട്ടിരുന്ന കരിയിലക്കു തീ ഇടാൻ പോയപ്പോൾ തെരുവുനായ ആക്രമിച്ചതാണെന്നാണു കരുതുന്നത്.
തലയുടെ പിൻഭാഗത്തും കൈയിലും ആഴത്തിൽ കടിയേറ്റ് ഗുരുതരമായ പരുക്കുകളാണ് ഉണ്ടായിരുന്നത്. ഇവരുടെ വീടിന്റെ പറന്പ് കഴിഞ്ഞാൽ ഏറെ ദൂരത്താണു മറ്റു വീടുകളുള്ളത്. അതിനാൽ ആരും തന്നെ സംഭവം അറിഞ്ഞിരുന്നില്ല.
രാത്രിയിൽ എത്തി വാതിൽ മുട്ടിയിട്ടും കതക് തുറക്കാത്തതിനെ തുടർന്നു അയൽവാസി സമീപത്തെ വീട്ടിലെ ആളിനെ കൂട്ടി പരിസരത്തു തെരച്ചിൽ നടത്തിയപ്പോഴാണ്, പരിക്കേറ്റ നിലയിൽ ബോധരഹിതയായി രാജമ്മയെ കണ്ടത്.
ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരൂർ എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു.