തൃശൂർ: പുതുക്കാട് പറപ്പൂക്കരയിൽ തെരുവുനായ ആക്രമണത്തിൽ വൃദ്ധയ്ക്കും മൂന്നര വയസുകാരിക്കും പരിക്കേറ്റു. വൃദ്ധയുടെ മൂക്കും ചെവിയും കഴുത്തിലെ ഞരന്പും നായ കടിച്ചെടുത്തു. തട്ടാപറന്പിൽ ശാരദ(73), തൃശൂർ പല്ലിശേരി മഹേഷിന്റെ മകൾ ശിവഗംഗ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാരദയുടെ കഴുത്തിലും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ശാരദയെ വീടിനകത്തുവച്ചാണ് തെരുവുനായ ആക്രമിച്ചത്. രക്തം വാർന്ന് അവശയായി കിടന്നിരുന്ന ശാരദയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വീടിന്റെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. കൈയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.