മുളംകുന്നത്തുകാവ്: രോഗികളടക്കം എട്ടോളം പേർക്കു തെരുവുനായയുടെ കടിയേറ്റു. ഓടിരക്ഷപ്പെട്ടതിനാൽ ഡോക്ടർമാർക്കു കടിയേറ്റില്ല. നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയെങ്കിലും തെരുവുനായ ഭീഷണയിൽ തന്നെയാണ് മെഡിക്കൽ കോളജ് പരിസരം. നെഞ്ചുരോഗ ആശുപത്രിയ്ക്കുള്ളിലും ആശുപത്രിയ്ക്കു സമീപം വളവ് ബസ്സ്റ്റോപ്പിലുമാണ് തെരുവുനായയുടെ വിളയാട്ടം അരങ്ങേറിയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ആശുപത്രിയിലേക്ക് എത്തിയ രോഗികൾ അടക്കമുള്ളവരെ കടിക്കുകയായിരുന്നു. രാവിലെ മുതൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ കറങ്ങിനടക്കുന്നതു സംബന്ധിച്ച് നാട്ടുകാർ പോലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നു. ഫോണിൽ വിളിച്ചിട്ടും ആരും സ്ഥലത്ത് എത്തിയില്ല. ബസ്സ് കയറാൻ എത്തുന്നവരെ സ്റ്റോപ്പിൽ എത്തുന്നതിനു മുന്നേ തന്നെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും തടഞ്ഞുനിർത്തി വിവരം അറിക്കുകയും ചെയ്തിരുന്നു.
നെഞ്ചുരോഗ ആശുപത്രിയിൽ കാൻസർ രോഗത്തിന്റെ കീമോ തെറാപ്പി ചെയ്യു്ാൻ കാത്തിരിക്കുകയായിരുന്ന പട്ടാന്പി കൊടുമുണ്ട സ്വദേശിനിയുടെ തുടയിലാണ് തെരുവനായ കടിച്ചത്. ഇതുകണ്ട് തടയാൻ ശ്രമിച്ച പാലക്കാട് മണ്ണൂർ സ്വദേശിനിയ്ക്കും കടിയേറ്റു. ഈ രണ്ടുപേർക്കും ഇതു മൂലം കിമോതെറാപ്പി ചികിത്സ ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മുറിയിലേക്കു പാഞ്ഞുവന്ന നായയെ കണ്ട് ഡോക്ടർമാരെയും നഴ്സുമാരും വാതിലടച്ചു രക്ഷപ്പെടുകയായിരുന്നു.
കീമോ സെന്ററിന്റെ മുന്നിലൂടെ മരുന്ന് വാങ്ങാൻ പോകുകയായിരുന്ന മധ്യവയസ്കൻ, ബസ് സ്റ്റോപ്പിൽ നിൽക്കുന്നവർ അടക്കമുള്ളവർക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജിലെത്തുന്നവർക്കു ഭീഷണിയായി മാറിയിരിക്കുകയാണ് തെരുവുനായകൾ. രാത്രിയും പകലും ഒരുപോലെ ഭീതിപരത്തിയാണ് ഇവയുടെ വിളയാട്ടം. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക വാർത്ത നല്കിയിരുന്നെങ്കിലും അധികൃതരുടെ മെല്ലെപ്പോക്കാണ് തെരുവുനായ ആക്രമണ സംഭവങ്ങൾക്കു വീണ്ടും ഇടയാക്കുന്നത്.