വിഴിഞ്ഞം: പൂച്ച കടിക്ക് ചികിത്സ തേടി വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിയ യുവതിയെ തെരുവ് നായ കടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു.
വിഴിഞ്ഞം കോട്ടു കാൽ ചപ്പാത്ത് അജിത് ഭവനിൽ അപർണ(31) യ്ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ വിഴിഞ്ഞം ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിന് സമീപത്ത് നിന്നായിരുന്നു നായയുടെ ആക്രമണം.
രണ്ട് ദിവസം മുൻപ് ഇവരെ പൂച്ച കടിച്ചിരുന്നു. അതിനായുള്ള ആദ്യ ഡോസ് മരുന്ന് പുല്ലുവിള സർക്കാർ ആശുപത്രിയിൽ നിന്ന് എടുത്തിരുന്നു.
രണ്ടാം ഡോസ് കുത്തിവയ്പിനായി വിഴിഞ്ഞത്ത് എത്തിയ അപർണ്ണയെ ആശുപത്രിക്കുള്ളിൽ അലഞ്ഞ് തിരിയുന്ന നായ കണം കാലിൽ കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നായ കാലങ്ങളായി ഇവിടെ കഴിയുന്നതാണെന്നും ഞങ്ങൾ ഓടിച്ചിട്ട് അത് പോകുന്നില്ലെന്നുമാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.
അതേസമയം നായ കടിച്ചയുടനെ ആശുപത്രി ജീവനക്കാർ അകത്തേക്കു കയറിപ്പോയെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മുറിവു കഴുകിയതെന്നും അപർണയുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.