അമ്പലപ്പുഴ: രോഗികളെ കാണാനെത്തുന്നവർക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ കർശന നിയന്ത്രണം. എന്നാൽ, യാതൊരു നിയന്ത്രണവും ഇല്ലാതെ ആശുപത്രിയിലും പരിസരത്തും വിലസുകയാണ് തെരുവു നായ്ക്കൾ.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും ജീവനക്കാർക്കും ഭീഷണിയായി തെരുവുനായ്ക്കൾ വിഹരിച്ചിട്ടും യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല.
ആശുപത്രിക്കുള്ളിലും തെരുവുനായ വിഹരിക്കുമ്പോൾ നോക്കുകുത്തിയാവുകയാണ് സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അകത്തുകടന്ന തെരുവുനായ മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കിടയിലൂടെ കടന്നുപോയിട്ടും സുരക്ഷാജീവനക്കാരുടെയടക്കം ശ്രദ്ധയിൽപ്പെട്ടില്ല.
സുരക്ഷ കർശനം പക്ഷേ,
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കാണാനെത്തുന്നവർക്കു കർശന വിലക്കേർപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാർ, തെരുവുനായ്ക്കൾ ആശുപത്രിക്കുള്ളിൽ കടന്നിട്ടും കണ്ടില്ല.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്കു ഭക്ഷണവും വാങ്ങിയെത്തിയ പതിമൂന്നുകാരിയെ വനിതാസുരക്ഷാ ജീവനക്കാർ കൂട്ടം ചേർന്നു മർദിച്ചെന്ന സംഭവം വിവാദമായിരുന്നു.
പ്രവേശനപാസില്ലാതെ കടന്നുപോയെന്ന കാരണത്താലാണ് വാർഡിലെത്തിയ പെൺകുട്ടിയെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി ഉയർന്നത്. ഹൈക്കോടതി ഇതിൽ വിശദീകരണം തേടിയിട്ടുണ്ട്.
പുന്നപ്രയിലെ ഒരു അഗതിമന്ദിരത്തിലെ രോഗിയെ കാണാനായി ആശുപത്രയിലെത്തിയ ആൾക്കു നേരെ സുരക്ഷാ ജീവനക്കാരൻ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തതിന്റെ പേരിലും ആശുപത്രി അധികൃതർക്കു പരാതി നൽകിയിരുന്നു.
അത്യാവശ്യ കാര്യങ്ങൾക്കു പോലും എത്തുന്നവർക്കു വിലക്കേർപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാർ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിക്കുള്ളിൽ പോലും ഭീഷണിയാകുന്ന തെരുവുനായ്ക്കളെ വിരട്ടി ഓടിക്കാൻ പോലും തയാറാകുന്നില്ലെന്നാണ് രോഗികൾ പറയുന്നത്.
അത്യാഹിതവിഭാഗത്തിനു മുന്നിലും എക്സ് റേ വിഭാഗത്തിന് സമീപവും 24 മണിക്കൂറും സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടിടങ്ങളിലായി നാലു പേർ ഡ്യൂട്ടിയിലുള്ളപ്പോൾ തെരുവുനായ അകത്തുകടന്നതു സുക്ഷാവീഴ്ചകൂടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.