സെബി മാത്യു
ന്യൂഡൽഹി: വളർത്തു നായ്ക്കളെയും പൂച്ചകളെയും ബ്രീഡ് ചെയ്തു വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണം. കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനു പിന്നാലെയാണു പട്ടി, പൂച്ച, മീനുകൾ തുടങ്ങിയവയെ വളർത്തി പ്രജനനം നടത്തി വിൽക്കുന്നതിനും നിയന്ത്രണം വരുന്നത്.
ഈ ഗണത്തിൽപ്പെട്ട മൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്തുകയും വിൽക്കുകയും ചെയ്യുന്നതിനുമാണു വിലക്ക്. പട്ടിക്കും പൂച്ചയ്ക്കും പുറമേ അക്വേറിയങ്ങൾ ഉൾപ്പെടെ പ്രജനനം നടത്തി വിൽപ്പന നടത്തുന്നവർ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ പേര് രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാക്കി. ഇതിനു പുറമേ ഓമനമൃഗങ്ങളെ പ്രജനനം നടത്തി വിൽപ്പന നടത്തുന്നവർ മൃഗങ്ങൾ ആണോ പെണ്ണോ എന്നു വ്യക്തമാക്കി അവയുടെ ജനനത്തീയതിയും മൈക്രോ ചിപ് നന്പറും ബ്രീഡറുടെ പേരും രേഖയാക്കി സൂക്ഷിക്കണം. അതിനു പുറമേ, പ്രജനനം നടത്തുന്നതിനായി മൃഗങ്ങളെ എത്തിച്ചതാണെങ്കിൽ കൊണ്ടു വന്ന തീയതി, കൊണ്ടു വന്ന ആളുടെ വിലാസം, ഇവയെ പരിപാലിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ, മൃഗങ്ങളെ ഇണ ചേർക്കുന്ന ദിവസവും സ്ഥലവും രേഖപ്പെടുത്തണം. ഇണചേരുന്ന മൃഗങ്ങളുടെ പേരുവിവരങ്ങളും മൈക്രോ ചിപ്പ് നന്പറും വേണം. വളർത്തുമൃഗങ്ങളെ വാങ്ങുന്ന ആളുടെ ആധികാരികമായ വ്യക്തിഗത വിവരങ്ങളും ലഭ്യമാക്കണം.
വളർത്തു മൃഗങ്ങളെ പ്രജനനം നടത്തി വിൽക്കുന്നവർ സംസ്ഥാന മൃഗക്ഷേമ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതു കടകൾക്കു പുറത്തു പ്രദർശിപ്പിക്കണം. ഇതിനു പുറമെ, വാങ്ങുകയും വിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും കടകളിൽ സൂക്ഷിക്കണം. മൃഗങ്ങളെ എവിടെനിന്ന്, എപ്പോൾ ലഭിച്ചു; ആർക്ക്, എപ്പോൾ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം.
നായ്ക്കളെയും പൂച്ചകളെയും വാങ്ങുന്നതും വിൽക്കുന്നതും രാജ്യത്തു വലിയൊരു വ്യവസായമായി വളർന്നിട്ടുള്ള സാഹചര്യത്തിലാണു കർശന നിബന്ധനകളുമായി സർക്കാർ രംഗത്തെത്തിയത്. പലയിടങ്ങളിലും മൃഗങ്ങളെ വളരെ മോശം സാഹചര്യത്തിൽ സൂക്ഷിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
കടുത്ത നിയന്ത്രണങ്ങൾ, കർശന നിർദേശങ്ങൾ
എട്ടാഴ്ചയിൽ താഴെ പ്രായമുള്ള പട്ടിക്കുട്ടികളെയും പൂച്ചക്കുട്ടികളെയും വിൽക്കരുത്.
പൂർണ ചികിത്സ നൽകി വാക്സിനേഷനുകൾ പൂർത്തിയാക്കി മൈക്രോ ചിപ്പ് ഘടിപ്പിച്ച നായക്കുട്ടികളെയും പൂച്ചക്കുട്ടികളെയും മാത്രമേ വിൽക്കാവൂ.
പൊതു സ്ഥലങ്ങളിലോ വിൽപ്പന ശാലകളിലോ ഇവയെ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കരുത്.
മാനസിക വൈകല്യമുള്ളവരോ പ്രായപൂർത്തിയാകാത്തവരോ ഇവയെ പ്രജനനം നടത്തി വിൽക്കരുത്.
അക്വേറിയങ്ങളും ഫിഷ് ടാങ്കുകളും വൃത്തിയുള്ളതും ആരോഗ്യപ്രദവുമായിരിക്കണം.
പ്രത്യുത്പാദന ശേഷിയില്ലാത്ത ്ത മൃഗങ്ങളെ ദയാവധത്തിനു വിധേയമാക്കരുത്
ഗുരുതര രോഗം ബാധിച്ച വളർത്തു മൃഗങ്ങളെ അംഗീകൃത വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ദയാവധത്തിനു വിധേയമാക്കാം.
ഒരേ സ്ഥലത്തു തന്നെ 12ലധികം നായകളെ ഒരുമിച്ചു പാർപ്പിക്കരുത്.
ബ്രീഡിംഗിനു വേണ്ടിയല്ലാതെ പെണ്പട്ടികളെയും ആണ്പട്ടികളെയും ഒരുമിച്ചു താമസിപ്പിക്കരുത്.
കൃത്യമായ കാലയളവിൽ പ്രജനനം നടത്തുന്ന സ്ഥാപനങ്ങളിൽ വെറ്ററിനറി ഡോക്ടറുടെ സന്ദർശനം ഉറപ്പു വരുത്തണം.
എട്ടാഴ്ചയ്ക്കു മുകളിൽ പ്രായമുള്ള വളർത്തു മൃഗങ്ങളുടെ ആരോഗ്യ വിവരങ്ങൾ രേഖയാക്കി സൂക്ഷിച്ചിരിക്കണം എന്നും നിർദേശങ്ങളിൽ പറയുന്നു.