വഴിയരികിലെ പുൽമേട്ടിൽ നിന്ന് പുല്ലുതിന്നുകയായിരുന്ന മാനിനെ ശല്യപ്പെടുത്തിയതിന് നായക്കുട്ടനെ പോലീസ് അറസ്റ്റു ചെയ്തു. കാനഡയിലെ ഒന്റാറിയോയിലായിരുന്നു സംഭവം.
ഉടമസ്ഥനൊപ്പം നടക്കാനിറങ്ങിയതായിരുന്നു ഈ നായക്കുട്ടൻ. സാധാരണ പ്രശ്നക്കാരനല്ലാത്തതുകൊണ്ട് നായയെ ഉടമസ്ഥൻ തോംസണ് തുടലിൽനിന്ന് അഴിച്ചുവിട്ടു. സ്വതന്ത്രനായി നടക്കുന്പോഴാണ് തൊട്ടടുത്ത പുൽമേട്ടിൽനിന്ന് ഒരു മാൻ പുല്ലുതിന്നുന്നത് കണ്ടത്. ഉടൻതന്നെ നായക്കുട്ടൻ കുരച്ചുകൊണ്ട് മാനിന്റെ അടുത്തേക്ക് ചെന്നു.
നായയെ കണ്ടതും മാൻ പേടിച്ച് ഓടാൻ തുടങ്ങി. ഉടനെ നായക്കുട്ടൻ പുറകെ ഓടി. തോംസണ് വിസിലടിച്ചിട്ടും വിളിച്ചിട്ടുമൊന്നും നായ മൈൻഡ് ചെയ്തില്ല. അത് മാനിന്റെ പിന്നാലെതന്നെ കൂടി. മാനിനൊപ്പം നായ കാട്ടിലേക്ക് കയറിപ്പോകുമോ എന്ന് പേടിച്ച് തോംസണ് തന്നെയാണ് പോലീസിനെ വിളിച്ചത്.
പോലീസ് എത്തി നായയെ പിടിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോയി. പിന്നീട് അവർതന്നെ നായക്കുട്ടനെ വീട്ടിൽക്കൊണ്ടുവന്നു വിട്ടു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പോലീസ് വാഹനത്തിലിരിക്കുന്ന നായക്കുട്ടന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.