തിരുവനന്തപുരം: വര്‍ക്കല മുണ്ടയില്‍ പ്രദേശത്ത് വീട്ടിലെ സിറ്റൗട്ടില്‍ ഉറങ്ങിക്കിടന്ന തൊണ്ണൂറുകാരനെ തെരുവ് നായകൂട്ടം കടിച്ചുപറിച്ചു. ഗുരുതരമായി പരിക്കേറ്റ വയോധികനെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആശുപത്രിയില്‍വച്ച് മരണമടഞ്ഞു.
വീട്ടിലെ സിറ്റൗട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രാഘവനെ (90) ഇന്ന് പുലര്‍ച്ചെ നാലരയോടെ തെരുവുനായക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ധാരാളം രക്തം വാര്‍ന്നുപോയതാണ് മരണത്തിനു കാരണം.
രാഘവന്റെ മുഖത്തിനും തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തലസ്ഥാന ജില്ലയില്‍ തെരുവ്‌നായകളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഈ സമീപകാലത്താണ് പുല്ലുവിളയില്‍ വയോധികയെ തെരുവുനായകള്‍ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. തെരുവുനായ പ്രശ്‌നത്തില്‍ ക്രിയാത്മകമായ നടപടിയെടുക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ അലംഭാവമാണ് നായ്ക്കളുടെ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
തരുവുനായ്ക്കളെ കൊന്നാല്‍ കാപ്പ ചുമത്തണം: മേനക
ന്യൂഡല്‍ഹി: തെരുവു നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് വീണ്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി. നായക്കളെ കൊല്ലു ന്നവര്‍ക്കെതിരേ കാപ്പ ചുമത്ത ണം. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടാതെ വഴിയില്ല. ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നും മേനക പറഞ്ഞു. നായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
തെരുവുനായകള്‍ കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഉണ്ട് പക്ഷേ അവിടെയൊന്നുമില്ലാത്ത പ്രശ്‌നം കേരളത്തില്‍ മാത്രമെങ്ങനെയാണുണ്ടാവുന്നതെന്നും അവര്‍ ചോദിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ ആളുകള്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ അവര്‍ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നുവെന്നും ഇതിന്റെ ഭാഗമായാണ് അവര്‍ നായകളെ കൊല്ലാന്‍ മുന്‍കൈയെടുക്കുന്നതെന്നും പറഞ്ഞു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു.
എത്ര കേസെടുത്താലും തെരുവുനായ്ക്കളെ കൊല്ലും: ജോസ് മാവേലി
കൊച്ചി: ഏഴല്ല, ഏഴായിരം കേസ് തനിക്കെതിരെയെടുത്താലും തെരുവുനായ്ക്കളെ കൊല്ലുമെന്നു തെരുവുനായ ഉന്മൂലനസംഘം ചെയര്‍മാന്‍ ജോസ് മാവേലി. തെരുവുനായ്ക്കളെ കൊല്ലുന്നതിനു പകരം വന്ധ്യംകരണം നടത്തിയാല്‍ മതിയെന്നു പറയുന്നത് തട്ടിപ്പാണ്.
ഇതുകൊണ്ട് നായ്ക്കളുടെ എണ്ണം കുറയില്ല. ഉന്മൂലനം എന്ന നിലയില്‍ ഒരുപടി കൂടി മുന്നോട്ടുപോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും പഞ്ചായത്തുകളിലേക്കുകൂടി ഇതു വ്യാപിപ്പിക്കുമെന്നും ജോസ് മാവേലി പറഞ്ഞു. കേരളത്തിലെ 99 ശതമാനം പേരും ആഗ്രഹിക്കുന്നതു മേനക ഗാന്ധിക്കെതിരെയും അക്രമികളായ തെരുവുനായ്ക്കളെ സ്‌നേഹിക്കുന്നവര്‍ക്കെതിരെയും കാപ്പ ചുമത്തണമെന്നാണെന്നും ജോസ് മാവേലി കൂട്ടിച്ചേര്‍ത്തു.