മീനങ്ങാടി: തെരുവുനായയുടെ ആക്രമണത്തിൽ പുള്ളിമാൻ ചത്തു. ഒരു വയസ് പ്രായമുള്ള പുള്ളിമാനിനെയാണ് കൂട്ടമായെത്തിയ തെരുവ് നായകൾ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ മീനങ്ങാടി ജൂബിലി ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് തെരുവ് നായകളുടെ ആക്രമണത്തിൽ പുള്ളി മാൻ ചത്തത്.
സമീപത്തെ വീട്ടുകാർ തെരുവ് നായകളുടെ ശബ്ദം കേട്ടെങ്കിലും ആക്രമണം ഭയന്നു പുറത്തിറങ്ങിയില്ല. പിന്നീട് തെരുവ് നായകൾ ഭാഗികമായി തിന്നു തീർത്ത പുള്ളി മാനിന്റെ ജഡം കാണുകയും ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു. മേപ്പാടി റേഞ്ചിൽ മുട്ടിൽ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിൽ വാച്ചർമാരായ ബാബുരാജ്, പൈതൽ എന്നിവർ ചേർന്ന് നടപടികൾക്ക് ശേഷം പുള്ളി മാനിന്റെ ജഡം കുഴിച്ചിട്ടു.
കാരാപ്പുഴ ഡാം സൈറ്റിൽ ഇത്തരം പുള്ളിമാനുകളുണ്ടെന്നും ഇവയിൽ കൂട്ടം തെറ്റി വന്ന മാനാകാം തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായതെന്നും ബീറ്റ് ഫോറസ്റ്റർ സന്തോഷ് പറഞ്ഞു.