കൊടുങ്ങല്ലൂർ: ലോകമലേശ്വരം വടക്ക് ഭാഗത്ത് തെരുവുനായയുടെ കടിയേറ്റ് ഏഴോളം പേർക്ക് പരിക്ക്. കോലപ്പുര സൽമാൻ ഡേവിഡ് (36), വയലാർ കൈതവളപ്പിൽ ഓമന (55), വയലാർ മനാഫ് (20), ചേരൻ (40), കർഷകനായ ഗോവിന്ദൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തൃശ്രൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തോടെ കോതപറന്പ് വർക്ക്ഷോപ്പ് ബസ് സ്റ്റോപ്പിനു സമീപത്തുനിന്നാണ് വിളറിപൂണ്ട നിലയിൽ നായ ഓടിയെത്തിയത്. തുടർന്ന് വഴിയിൽ കണ്ട ആളുകളെയും വളർത്തുമൃഗങ്ങളേയും നായ്ക്കളെയും കടിച്ച് നാട്ടിൽ ഭീതി പരത്തി. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
മാള: തെരുവു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് നാല് ആടുകൾ ചത്തു. കുണ്ടൂർ തിരുത്തി മുത്തുകുളങ്ങര ക്ഷേത്രത്തിനു സമീപം പൊയ്ക്കാടൻ ബെന്നിയുടെ ആടുകളാണ് ചത്തത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം.രാത്രി 11ന് വീട്ടുകാർ ഉറങ്ങാൻ കിടന്നതിനു ശേഷമാണ് ആക്രമണമുണ്ടായത്. രാവിലെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.