കടിച്ചുകീറാൻ പാഞ്ഞുവരുന്ന നായ്ക്കൾ… അവയിൽനിന്ന് രക്ഷപ്പെടാനായി ഓടുന്ന പെൺകുട്ടി… അവളെ പിന്നാലെയെത്തി ആക്രമിക്കുന്ന നായ്ക്കൾ… വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലെ ആരും നെഞ്ചിടിപ്പോടെ നോക്കിയിരുന്നുപോകുന്ന ആ ദൃശ്യങ്ങളിലെ ശ്വാനവീരന്മാർ ഏറെ പ്രശംസ പിടിച്ചുപറ്റി. നായ്ക്കൾ തന്നെ ആക്രമിക്കുന്ന രംഗം ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന രാജൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചു. ഇതേ രംഗം ചിത്രീകരിക്കാൻവേണ്ടിയെടുത്ത തയാറെടുപ്പുകൾ ഏതാനും ദിവസങ്ങൾക്കു മുന്പ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നും പങ്കുവച്ചിരുന്നു.
കൃത്യമായ പരിശീലനമുള്ള നായ്ക്കളെ പീറ്റർ ഹെയ്ൻ കണ്ടെത്തിയത് കോട്ടയം ജില്ലയിലെ പാലായിലെ ഒരു ശ്വാനക്കളരിയിൽനിന്നാണ്. വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വൈശാഖിന്റെ നിർദേശപ്രകാരം പാലായിലെത്തിയ പീറ്റർ ഹെയ്ന് സാജൻ സജി സിറിയക് എന്ന പരിശീലകന്റെ ശിഷ്യഗണങ്ങളെ ഇഷ്ടപ്പെടുകയായിരുന്നു.
എട്ടു ബൽജിയൻ മലിനോയിസുകളും ഡോബർമാൻ, ജർമൻ ഷെപ്പേർഡ് ഇനങ്ങളിൽപ്പെട്ട ഓരോ നായ്ക്കളുമായി സാജന്റെ പത്തു ശിഷ്യർ സിനിമയുടെ ഭാഗമായി. നാസ്, ടെൻ, ഐപി, സാൻ, കെയ്ൻ എന്നിങ്ങനെയാണ് സിനിമയിൽ കൈയടി നേടിയ പ്രധാന ശ്വാനതാരങ്ങൾ. മറ്റൊരു പ്രത്യേകത കൂടി ഇവർക്കുണ്ട്. ബൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട ഇവർ എട്ടു പേരും ഒരു കുടുംബത്തിൽപ്പെട്ടവരാണെന്നുള്ളതാണ് കൗതുകം. അതായത്, ടെന്നിന്റെയും ഐപിയുടെയും മക്കളാണ് മറ്റ് ആറു പേർ.
ബെൽജിയം സ്വദേശികളായ ഇവർ തനി കാട്ടുനായ്ക്കളാണ്. കൃത്യമായ പരിശീലനമില്ലാതെ ഇവയെ നിയന്ത്രിക്കുക അസാധ്യം. അതുകൊണ്ടുതന്നെ ചിത്രീകരണവേളയിൽ ട്രെയ്നറായ സാജനും നായ്ക്കൾക്കൊപ്പമുണ്ടായിരുന്നു. അവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം സിനിമയിൽ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി വിദഗ്ധരുടെ കീഴിൽ പരിശീലനം നേടിയ സാജൻ ഇപ്പോൾ മുഴുവൻ സമയ ശ്വാനപരിശീലകനാണ്.