തലശേരി: ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ ഗൃഹനാഥൻ അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയുടെ കിടപ്പറയിൽ നിന്നും കാമുകൻ ഓടിക്കയറിയത് പട്ടിക്കൂട്ടിലേക്ക്.
കണ്ണൂർ ജില്ലയിലെ ഒരു നഗരത്തിലാണ് സംഭവം. തന്റെ വാസ സ്ഥലത്തേക്ക് അപ്രതീക്ഷതമായി എത്തിയ അതിഥിയെ വിദേശ ഇനത്തിൽപെട്ട നായ കടന്നാക്രമിച്ചു.
നായയുടെ അക്രമത്തിൽ സാരമായി പരിക്കേറ്റ കാമുകൻ സുഹൃത്തിന്റെ സഹായത്തോടെ ആഢംബര സ്വകാര്യ ആശുപത്രിയിൽ അതീവ രഹസ്യമായി ചികിത്സ തേടി.
കഴിഞ്ഞ ദിവസം നഗര പ്രാന്ത പ്രദേശത്താണ് രസകരമായ സംഭവം അരങ്ങേറിയത്. ഒന്നര മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന നഗരത്തിലാണ് ഗൃഹനാഥന് ജോലി.
ദിവസവും പുലർച്ചെ ട്രെയിൻ മാർഗമാണ് ഗൃഹനാഥൻ ജോലിക്കു പോകാറ്. പതിവ് പോലെ അന്നും ഗൃഹനാഥൻ പുറപ്പെട്ടു. ഗൃഹനാഥൻ വീട്ടിൽ നിന്നും ഇറങ്ങിയാൽ ഉടൻ വീട്ടമ്മയുടെ യുവാവായ കാമുകൻ പിൻവാതിൽ വഴി വീട്ടിനുള്ളിൽ കയറുക പതിവാണ്.
പതിവ് തെറ്റിക്കാതെ കാമുകൻ അന്നും പതിവുപോലെ വീട്ടമ്മയുടെ കിടപ്പറയിലെത്തി. മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വീടിന്റെ കോളിംഗ് ബെൽ മുഴങ്ങി. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഗൃഹനാഥന് അപ്രതീക്ഷിത ഉൾവിളിയുണ്ടായി.
ടോയ്ലെറ്റിൽ പോകാനുള്ള തിടുക്കപ്പെട്ട തിരിച്ചു വരവായിരുന്നു അത്. വാതിൽ തുറന്ന് അകത്ത് കയറിയ ഗൃഹനാഥൻ ശരവേഗത്തിൽ ശുചിമുറിയിലേക്കോടി.
ഇതേ സമയം അരണ്ട വെളിച്ചത്തിലൂടെ കാമുകൻ വീടിനു പുറത്തേക്കോടി. വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാമുകൻ ഓടിക്കയറിയത് പട്ടിക്കൂട്ടിലേക്കായിരുന്നു. പട്ടിയുടെ കടിയേറ്റ കാമുകൻ പരിക്കുകളോടെ ജീവനും കൊണ്ടോടി രക്ഷപെട്ടു.
ശങ്ക തീർത്ത് ശുചി മുറിയിൽ നിന്നും പുറത്തിങ്ങിയ ഗൃഹനാഥൻ വളർത്തു നായ ബഹളം വെച്ചതിന്റെ കാരണം പ്രിയതമയോട് ആരാഞ്ഞു.
സ്നേഹത്തിൽ ചാലിച്ച പ്രിയതമയുടെ മറുപടിയും വിശ്വസിച്ച് ജോലി സ്ഥലത്തേക്കുള്ള അടുത്ത ട്രെയിനിന്റെ ചൂളം വിളിക്ക് കാതോർത്ത് ഗൃഹനാഥൻ റെയിൽവെ സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു.