തലശേരി: നഗരമധ്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് എഴുപതുകാരനുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
തെരുവുനായ പിന്തുടർന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. രണ്ടാം ഗേറ്റ്, ചിറക്കര, ചേറ്റംകുന്ന്, പഴയ ബസ് സ്റ്റാൻഡ്എന്നിവിടങ്ങളിലാണ് കാൽ നടയാത്രക്കാർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റത്.
രണ്ടാം ഗേറ്റിൽ വെച്ച് കടിയേറ്റ ഗോവിന്ദ ഭവനത്തിൽ സദാനന്ദ (70)നെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഇടതു കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. ചേറ്റംകുന്നിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മണി, ചിറക്കരയിലെ നാഗമ്മ എന്നിവരുൾപ്പെടെ മറ്റ് അഞ്ച് പേർക്കുമാണ് കടിയേറ്റത്.