കോഴിക്കോട്: തെരുവുനായശല്യം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ അധികൃതര്‍. ഗ്രാമ-നഗര പ്രദേശങ്ങളില്‍ നായശല്യം പൂര്‍വാധികം വര്‍ധിച്ചിരിക്കുകയാണ്.
രക്ഷിതാക്കള്‍ സ്കൂളിലേക്ക് കുട്ടികളെ വിടാന്‍പോലും തയാറാകാത്ത അവസ്ഥയാണുള്ളത്. തെരുവുനായ ശല്യം കണക്കിലെടുത്ത് കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയും ഉണ്ടായി. സംസ്ഥാനത്തുതന്നെ ഇത്തരമൊരുസാഹചര്യം ആദ്യമാണ്.
അങ്കണവാടികള്ക്കുള്പ്പെടെ അവധിയാണ്. പഞ്ചായത്താണ് അവധി നല്‍കിയത്. തൊഴിലുറപ്പ് പദ്ധതികളും നിര്‍ത്തിവച്ചു.
ഇന്നലെ അഞ്ച് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഈ ഭാഗത്ത് തെരുവുനായയുടെ വിളയാട്ടം അതിരൂക്ഷമാണ്. പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയെങ്കിലും ഒന്നും ഫലവത്താകാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
അക്രമകാരിയായ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കൂത്താളി രണ്ടേ ആറില്‍ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ ഒരു വിദ്യാര്‍ഥിക്കുമാണ് പരിക്കേറ്റത്.