കണ്ണൂർ: നഴ്സിനെ ആശുപത്രിയിൽ കയറി തെരുവുനായ കടിച്ചു. മട്ടന്നൂർ ക്രിസ്ത്യൻപള്ളിക്കു സമീപത്തെ ആശ്രയ ആശുപത്രിയിലെ ഷിബിന (35) യെയാണ് തെരുവുനായ കടിച്ചത്. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ രജിസ്റ്ററിൽ എഴുതുന്നതിനിടെ പുറത്തുനിന്നും ഓടിയെത്തിയ നായ നഴ്സിന്റെ കാലിൽ കടിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരും ജീവനക്കാരും ബഹളം വച്ചതിനെ തുടർന്ന് നായ പുറത്തേക്ക് ഓടിപോയി. വലതുകാലിന് സാരമായ പരിക്കേറ്റ ഷിബിനയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ മട്ടന്നൂരിലെ ചട്ടംചാലിൽ നിർമാണ തൊഴിലാളിക്കും തെരുവുനായയുടെ കടിയേറ്റു. കീഴല്ലൂർ പാലയാട്ടെ കുഞ്ഞിവളപ്പിൽ ദിനേശൻ (48) നെയാണ് തെരുവുനായ കടിച്ചത്. ഇന്നു രാവിലെ എട്ടോടെ ചട്ടംചാലിൽ എത്തി പണി സാധനങ്ങൾ വാങ്ങുന്നതിനിടെ പുറകിൽനിന്നെത്തിയ തെരുവുനായ കാലിന് കടിക്കുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.