ചാരുംമൂട് (ആലപ്പുഴ): നൂറനാട്, കായംകുളം മേഖലകളിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. പത്തോളം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. കടിയേറ്റ ചിലർക്കു മാരകമായി മുറിവേറ്റു. ഏഴുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നൂറനാട് കല്ലിട്ടതിൽ സുശീല, കുഴിയത്ത് വീട്ടിൽ ദീപ, കല്ലിട്ടതിൽ രമ എന്നിവരെയാണ് നായ കൂടുതൽ കടിച്ചുകീറിയത്. സുശീലയുടെ മുഖമാസകലം തെരുവുനായ്ക്കൾ കടിച്ചുകീറി. കടിയേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. വീടിനു പരിസരത്ത് ഇന്നലെ വൈകുന്നേരമാണ് ഇവർക്കു കടിയേറ്റത്. ഇതിനിടെ കായംകുളം പെരിങ്ങാലയിലും ഇന്നലെ രണ്ടുപേർക്ക് കടിയേറ്റു.
പെരുങ്ങാല തോട്ടാശേരിൽ പ്രസന്നകുമാരി (68), പുത്തൻകണ്ടത്തിൽ ലീലാമ്മ (50) എന്നിവർക്കാണ് കടിയേറ്റത്. ഇവരെയും വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയിലും നിരവധി പേർക്കു കടിയേറ്റിരുന്നു. തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണു പ്രദേശവാസികൾ.