ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഡൽഹി ഇസ്കോൺ ആശ്രമത്തിൽ നിന്ന് ദർശനത്തിനെത്തിയ സംഘത്തിലെ മുരളികൃപ ദാസ് (26), തൃത്താല തളിക്കാശേരി അത്തയിൽവളപ്പിൽ സുനിത (35), പാലക്കാട് കൊഴിഞ്ഞാന്പാറ നാരായണൻ (70) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെയാണ് സംഭവം. ക്ഷേത്രത്തിന്റെ തെക്കേ നടപ്പന്തലിലൂടെ ദർശനത്തിനുപോകുകയായിരുന്ന മുരളികൃപ ദാസിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. ഇയാളുടെ കാലിൽ പരിക്കേറ്റു. കടിയേറ്റ മുരളികൃപ ദാസിനെയും, നാരായണനെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുനിതയെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സക്കുശേഷം തൃത്താലയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
ക്ഷേത്രത്തിന്റെ വടക്കേനടയിൽ മരത്തിനു കീഴിൽ വിശ്രമിക്കുന്പോഴാണ് നാരായണനു കടിയേറ്റത്.
തെരുവുനായ്ക്കൾ ക്ഷേത്രപരിസരത്ത് കുറേനാളുകളായി അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരുടെ നേരെ കുരച്ച് ആക്രമിക്കാനെത്തുന്നത് നിത്യസംഭവമാണ്. നിരവധി പ്രാവശ്യം മുനിസിപ്പിൽ – ദേവസ്വം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ക്ഷേത്ര നടപന്തലിലും, സമീപത്തെ കച്ചവടസ്ഥാപനങ്ങളുടെ വരാന്തയിലുമാണ് നായ്ക്കൾ അന്തിയുറങ്ങുന്നത്.