ബ്രിട്ടീഷ് പട്ടാളക്കാർക്കിടയിൽ ഇന്ന് ഒരു നായയാണ് താരം. ബെൽജിയൻ ഷെപ്പേർഡ് മാലിനോയിസ് ഇനത്തിൽപ്പെട്ട മൂന്നു വയസുള്ള കുനോ ആണ് ആ നായ. 2019 മേയ് മാസം മുതലാണ് അവൻ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഓമനയായത്.
അഫ്ഗാനിസ്ഥാനിൽ അൽക്വയ്ദ ഭീകരർക്കെതിരേയുള്ള പോരാട്ടമാണ് രംഗം. ബ്രിട്ടീഷ് പട്ടാളം ഒരു രഹസ്യനീക്കം നടത്തി. അൽക്വയ്ദ ഭീകരർ തങ്ങിയ ഒരു സ്ഥലത്തേക്ക് പെട്ടെന്നുള്ള ആക്രമണമാണ് അവർ ഉദ്ദേശിച്ചത്.
കായൽ കടന്നുവേണം ഭീകരരുടെ ആ താവളത്തിലെത്താൻ. അതിനായ് ബോട്ട് സർവീസിനെയാണ് ബ്രിട്ടീഷ് പട്ടാളക്കാർ ആശ്രയിച്ചത്. അന്ന് ആ റെയ്ഡിനു പട്ടാളക്കാർക്കൊപ്പം ഉണ്ടായിരുന്ന പ്രത്യേക പരിശീലനം നേടിയ നായയാണ് കുനോ.
സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതടക്കം ശത്രുവിന്റെ നീക്കങ്ങളെ തടയിടുന്നതിനാണ് പട്ടാളക്കാർ ശത്രുവിനെ നേരിടുന്പോൾ ഇത്തരം മൃഗങ്ങളെ കൂടെക്കൂട്ടുന്നത്.
നായ, പൂച്ച, പ്രാവ് തുടങ്ങിയ മൃഗങ്ങളെയൊക്കെ ഇത്തരം പരിശീലനങ്ങൾ നൽകി പട്ടാളത്തിനൊപ്പം അയയ്ക്കാറുണ്ട്. കുനോ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഇത്തരം 16 നീക്കങ്ങളിലാണ് പങ്കാളിയായിട്ടുള്ളത്.
കുതിച്ചെത്തിയ കുനോ
അങ്ങനെ ബോട്ടിലൂടെ എത്തിയ ബ്രിട്ടീഷ് പട്ടാളക്കാർ അൽക്വയ്ദ ഭീകരരുടെ താവളങ്ങൾ ആക്രമിക്കാനൊരുങ്ങി. എന്നാൽ, അപ്രതീക്ഷിതമായി ഭീകരർ തിരിച്ചടിച്ചു. വെടിവയ്പ്പും ഗ്രനേഡ് ആക്രമണവുമായി അവർ പട്ടാളത്തെ നേരിട്ടു.
ആ തിരിച്ചടിയിൽ പട്ടാളം ഒരു നിമിഷം വിറങ്ങലിച്ചപ്പോഴാണ് കുനോ കുതിച്ചെത്തിയത്. അവൻ പട്ടാളത്തെ ആക്രമിക്കുകയായിരുന്ന ഒരു ഭീകരനു നേരെ പാഞ്ഞടുത്തു. ഭീകരർ കുനോയ്ക്ക് നേരെ നിറയൊഴിച്ചു. കുനോയുടെ പിന്നിലെ ഇരുപാദങ്ങൾക്കും തുരുതുരാ വെടിയേറ്റു. കുനോയുടെ അപ്രതീക്ഷിത നീക്കത്തിനിടെ ശ്രദ്ധ പതറിയ ഭീകരർക്കിടയിലേക്ക് ബ്രിട്ടീഷ് പട്ടാളം ആക്രമണം അഴിച്ചുവിട്ടു.
അങ്ങനെ ഭീകരരെ കീഴടക്കി പട്ടാളം വിജയംവരിച്ചു. കുനോ എന്ന മൂന്നു വയസുകാരൻ നായയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ബ്രിട്ടീഷ് പട്ടാളം ആ വിജയം ആഘോഷിച്ചത്. എന്നാൽ, ഭീകരരുടെ വെടിയേറ്റ് കാൽപാദം ചിതറിയ കുനോ ഒരു നോവുന്ന ചിത്രമായി മാറി. തിരികെ ബ്രിട്ടനിൽ എത്തിച്ച കുനോയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കൃത്രിമ കാൽപാദങ്ങൾ വച്ചുപിടിപ്പിച്ചു.
ഓടാൻ സാധിക്കുന്ന രീതിയിലുള്ള ഉപകരണത്താലാണ് കൃത്രിമ പാദങ്ങൾ വച്ചത്. അതിനാൽ കുനോ വീണ്ടും പഴയതു പോലെയായി. ഓടാനു ചാടാനും സാധിക്കുന്നു.
ധീരതയ്ക്ക് ഡിക്കൻ മെഡൽ
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു – “നിരവധി വർഷങ്ങളായി അൽക്വയ്ദയ്ക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് ഈ റെയ്ഡ്. കുനോ ഇല്ലെങ്കിൽ ഈ നീക്കത്തിന്റെ ഗതി വളരെ വ്യത്യസ്തമാകുമായിരുന്നു, അന്ന് അവൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിച്ചു.
കുനോയുടെ കഥ ഞങ്ങളുടെ സൈനികരുടെയും സൈനിക നായ്ക്കളുടെയും സമർപ്പിത സേവനത്തെ മാത്രമല്ല, അവരോടൊപ്പം സേവിക്കുന്ന മൃഗങ്ങൾക്ക് സായുധ സേന നൽകുന്ന വലിയ പരിചരണത്തെയും ഓർമപ്പെടുത്തുന്നു’.
അൽക്വയ്ദ ഭീകരരെ കീഴടക്കാൻ കൂടെ നിന്ന കുനോയ്ക്ക് ലഭിച്ച ഒരു ബഹുമതിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. യുദ്ധരംഗത്ത് സേവനമനുഷ്ടിക്കുന്ന മൃഗങ്ങൾക്ക് നൽകുന്ന ബഹുമതിയായ ഡിക്കൻ മെഡലാണ് കുനോയെ തേടിയെത്തിയത്. ഈവരുന്ന നവംബറിലാണ് കുനോയ്ക്ക് ഡിക്കൻ മെഡൽ സമ്മാനിക്കുക.
ഡിക്കൻ മെഡൽ
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത മൃഗങ്ങളുടെ സേവനത്തെ മാനിക്കുന്നതിനായാണ് ഡിക്കൻ മെഡൽ നൽകിത്തുടങ്ങിയത്. പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് (PDSA) എന്ന ബ്രിട്ടീഷ് വെറ്റിനറി ചാരിറ്റി സ്ഥാപനമാണ് ഈ ബഹുമതി ഏർപ്പെടുത്തിയത്. മരിയ ഡിക്കിൻ ആണ് PDSA സ്ഥാപിച്ചത്.
വരയുള്ള പച്ച, കടും തവിട്ട്, ഇളം നീല നിറങ്ങളിലുള്ള റിബണിൽ കോർത്ത വെങ്കല മെഡലിൽ “ഞങ്ങളും സേവിക്കുന്നു’ എന്ന വാക്ക് എഴുതിയതാണ് ഡിക്കൻ മെഡൽ. സായുധ സേനയുടെയോ സിവിൽ ഡിഫൻസ് യൂണിറ്റുകളുടെയോ ഏതെങ്കിലും ശാഖയിൽ സേവനമനുഷ്ഠിക്കുമ്പോഴോ അവരുമായി ബന്ധപ്പെട്ടിരിക്കുമ്പോഴോ ധീരത പ്രകടിപ്പിച്ച മൃഗങ്ങൾക്കാണ് ഇത് നൽകുന്നത്.
ഈ അവാർഡിനെ സാധാരണയായി “മൃഗങ്ങളുടെ വിക്ടോറിയ ക്രോസ്” എന്നാണ് വിളിക്കുന്നത്. 1943 നും 1949 നും ഇടയിൽ 54 തവണയാണ് ഈ ബഹുമതി നൽകിയത്. രണ്ടാം ലോക മഹായുദ്ധസമയത്തെ “യുദ്ധങ്ങളിൽ പങ്കെടുത്ത്’ ധീരത പ്രകടിപ്പിച്ച 32 പ്രാവുകൾ, 18 നായ്ക്കൾ, 3 കുതിരകൾ, ഒരു പൂച്ച എന്നിവയ്ക്കാണ് മെഡൽ ലഭിച്ചത്. പിന്നീട് നിലച്ചുപോയ ഈ പുരസ്കാരം 2000 ൽ പുനരുജ്ജീവിപ്പിച്ചു.