തിരുവനന്തപുരം: അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എത്തിയപ്പോൾ മില്ല വിനയപൂർവം അറ്റൻഷനായി. പിന്നെ അടുത്തു നിറുത്തി സംസ്ഥാന പോലീസ് മേധാവിയുടെ കമൻഡേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ വിനയപൂർവം അത് സ്വീകരിച്ചു പോലീസ് മേധാവിയെ വണങ്ങി. കേരള പോലീസിലെ ശ്വാനസേനയിലെ അംഗമാണ് മില്ല.
ചെന്നയിൽ നടന്ന അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ബിഎസ്എഫ്, സിആർപി എഫ് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പോലീസ് സേനയിലെ ശ്വാനസേനയിലെ 35 നായകൾ പങ്കെടുത്ത ട്രാക്കർ വിഭാഗം മൽസരങ്ങളിൽ ചെറിയ വ്യത്യാസത്തിലാണ് മില്ലയ്ക്ക് ഗോൾഡ് മെഡൽ നഷ്ടമായത്.
എങ്കിലും 27 വർഷത്തിനു ശേഷം ശ്വാനസേന വിഭാഗത്തിൽ കേരളത്തിന് ഒരു മെഡൽ സമ്മാനിക്കാൻ മില്ലയ്ക്കായി. അച്ചടക്കം, അനുസരണ, ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കൾ കണ്ടെത്തൽ, മണം തിരിച്ചറിഞ്ഞ് പിടികൂടൽ തുടങ്ങി ആറുതരം ശേഷികളാണ് ഈ ഇനത്തിൽ പരീക്ഷിക്കുന്നത്. ഒന്നൊഴികെ എല്ലാത്തിനും മുഴുവൻ മാർക്കും നേടിയാണ് മില്ല വിജയിച്ചത്.
കൊച്ചി സിറ്റിയിലെ ശ്വാനസേന വിഭാഗത്തിലെ അംഗമാണ് മില്ല. സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹൻകുമാർ, സിവിൽ പോലീസ് ഓഫീസർ ഇ.ആർ. വിജു നായർ എന്നിവർ പരിശീലകരാണ്. മികച്ച പരിശീലനം നൽകിയവർക്കും സംസ്ഥാന പോലീസ് മേധാവി സർട്ടിഫിക്കറ്റ് നൽകി.
അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ സയന്റിഫിക് ഇൻവെസ്റ്റിഗേഷനിലെ ലിഫ്റ്റിംഗ് ആന്ഡ് പാക്കിംഗ് വിഭാഗത്തിൽ കണ്ണൂർ പരിയാരം പോലീസ് സ്റ്റേഷനിലെ വി.ആർ.വിനീഷിനും വെള്ളി ലഭിച്ചു. മൽസരവിജയികൾക്കുള്ള കമൻഡേഷൻ സർട്ടിഫിക്കറ്റിനൊപ്പം ക്യാഷ് അവാർഡും സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ചു.