വളര്‍ത്തുനായയുടെ കടിയേറ്റ സ്ത്രീക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍സിപ്പാലിറ്റിയോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം.
ഹരിയാനയിലെ ഗുരുഗ്രാമിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടാണ് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടത്. മുന്‍സിപ്പാലിറ്റിക്ക് ഈ തുക വളര്‍ത്തുനായയുടെ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും ഫോറം വ്യക്തമാക്കി.
ഓഗസ്റ്റ്് പതിനൊന്നിന് ജോലിക്ക് പോകുന്നതിനിടെയാണ് സ്ത്രീയെ വളര്‍ത്തുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ആദ്യം പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട നായ കടിച്ചെന്നായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. പിന്നീട് ഡോഗോ അര്ജന്റിനോ വിഭാഗത്തില്‍പ്പെട്ടതാണെന്ന് ഉടമ അറിയിക്കുകയായിരുന്നു.
നായയെ കസ്റ്റഡിയിലെടുക്കാനും ഉടമയോട് വളര്‍ത്തുനായ ലൈസന്‍സ് ഉടന്‍ എടുക്കാനും ഫോറം ആവശ്യപ്പെട്ടു.
കൂടാതെ മൂന്ന് മാസത്തിനകം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനായി നയം കൊണ്ടുവരണമെന്നും ഫോറം മുന്‍സിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.