കൊച്ചി: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനും നാടൻ നായ്ക്കളുടെ സംരക്ഷണത്തിനും ലക്ഷ്യമിട്ട് കൊച്ചിയിൽ ഈ മാസം 19ന് മൃഗാവകാശ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാടൻ നായ്ക്കളെ ദത്തുനൽകൽ ക്യാന്പയിൻ നടക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച് എഫ് എ, മൂവാറ്റുപുഴയിലെ ദയ എന്നീ സംഘടനകൾ സംയുക്തമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് “തെരുവിൽ നിന്നും വീട്ടിലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന ദത്തുനൽകൽ ക്യാന്പയിൻ നടത്തുന്നത്.
കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്നിൽ രാവിലെ പത്തിനു ആരംഭിക്കുന്ന ദത്തുനൽകൽ യജ്ഞത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ 50 നാടൻ നായ്കുഞ്ഞുങ്ങളെയാണ് സൗജന്യമായി ദത്ത് നൽകുന്നത്. ഒപ്പം വീടുകളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട പത്തോളം നായ്ക്കൾക്ക് പുതിയ ഉടമസ്ഥരേയും തേടുന്നുണ്ട്. വിവിധ മൃഗാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നാടൻ നായക്കളെ വളർത്തുവാൻ ഇഷ്ടപ്പെടുന്നവരെ കണ്ടെത്തി ഏൽപ്പിക്കുന്ന പ്രവർത്തനം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നുണ്ട്.
ഇതിലൂടെ ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 300 നായ്കുട്ടികളെയും 125 പൂച്ചകുട്ടികളെയും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ദത്ത് നൽകിയിട്ടുണ്ട്. കൂടുതൽ ആവശ്യക്കാരെ കണ്ടെത്തുക എന്നതാണ് ക്യാന്പയിൻ നടത്തുന്നതിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. 19നു നടക്കുന്ന ദത്തെടുക്കൽ യജ്ഞത്തിലും തുടർന്നും നായ്കുഞ്ഞുങ്ങളെ സ്വന്തമാക്കുവാൻ താൽപര്യപെടുന്നവർ 7736705572, 9745504569 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്ന് ദത്തെടുക്കൽ ക്യാപയിൻ കോ ഓഡിനേറ്റർ പത്രക്കുറിപ്പിൽ അറിയിച്ചു.