
വെഞ്ഞാറമൂട് : വായിൽ സ്റ്റീൽ ചെയിൻ കുടുങ്ങിയ വളർത്തു നായയ്ക്ക് രക്ഷകരായി വെഞ്ഞാറമൂട് ഫയർഫോഴ്സ്. പിരപ്പൻകോട് മാങ്കുഴി കുമാര ഭവനത്തിൽ സജികുമാറിന്റെ ഒരുവയസുള്ള പോമറേനിയൻ നായയുടെ വായിലും കഴുത്തിലുമായാണ് സ്റ്റീൽ ചെയിൻ കുരുങ്ങിയത്.
കെട്ടിയിട്ടിരുന്ന നായയുടെ പല്ലിൽ അബദ്ധത്തിൽ ചെയിൻ കുടുങ്ങുകയായിരുന്നു. ചെയിൽ ഊരിമാറ്റാൻ വീട്ടുകാർ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്ത് എത്തി കഴുത്തിലെ ചെയിൻ മുറിച്ചു മാറ്റിയെങ്കിലും നായ പ്രതിരോധിച്ച് നിന്നതിനാൽ പല്ലിൽക്കൂടി കുരുങ്ങിയത് മുറിച്ച് മാറ്റുവാൻ കഴിഞ്ഞില്ല.
തുടർന്ന് നായയെ വെഞ്ഞാറമൂട് മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ച് മയക്കിയ ശേഷമാണ് ഫയർഫോഴ്സ് അധികൃതർ ചെയിൻ മുറിച്ചുമാറ്റിത്. അസി. സ്റ്റേഷൻ ഓഫീസർമാരായ നസീർ ,രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.