മനുഷ്യരുടെ പ്രവര്‍ത്തികളേക്കാള്‍ വിചിത്രമാണ് ചിലപ്പോഴൊക്കെ മൃഗങ്ങളുടെ പ്രവര്‍ത്തികള്‍. സംസാരിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് പലപ്പോഴും അത് മനുഷ്യന് മനസിലാക്കാനും സാധിക്കാറില്ല. സമാനമായ രീതിയില്‍ മുംബൈയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ എല്ലാ ദിവസവും തുടരുന്ന വിചിത്രമായ സംഭവത്തിന്റെ കാരണം തിരയുകയാണ് സോഷ്യല്‍ മീഡിയ.
എല്ലാ ദിവസവും രാത്രിയില്‍ ഒരേ ട്രെയിനിനു പിന്നാലെ ഒരു തെരുവു നായ ഓടുന്ന സംഭവത്തെ കുറിച്ച് അറിഞ്ഞവര്‍ക്കെല്ലാം, ഇതിനു പിന്നിലെ ചുരുളഴിയാത്ത രഹസ്യം എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയാണ്. മുംബൈ കാഞ്ചര്‍മാര്‍ഗ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സൈബര്‍ലോകം കാരണം തിരഞ്ഞിറങ്ങിയത്. ജനുവരി രണ്ടിന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ആദ്യമായി ഈ നായ യാത്രക്കാരുടെയും ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റിനുള്ളിലേക്ക് നോക്കി നില്ക്കുന്ന നായ ട്രെയിന്‍ ചലിക്കുമ്പോള്‍ അതിനു പിന്നാലെ ഓടുകയാണ് പതിവ്.
പിന്നീട് ട്രെയിനിലെ ഓരോ ബോഗിയിലേയ്ക്കും നോക്കി പ്രതീക്ഷിച്ചത് കാണാതെ വരുമ്പോള്‍ പിന്മാറുകയും ചെയ്യും. എന്തിനാണ് ഈ നായ അങ്ങനെ ചെയ്യുന്നത് എന്നാര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ നായയ്ക്ക് നാല് കുഞ്ഞുങ്ങളുണ്ട്, ഒരു പക്ഷേ തന്റെ ഉടമയെയോ മറ്റോ അന്വേഷിക്കുകയാകാം ഈ നായ എന്നാണ് യാത്രക്കാരുടെ നിഗമനം. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇപ്പോള്‍ ഇതേക്കുറിച്ച് വാര്‍ത്തയും വന്നു കഴിഞ്ഞു.