തൃശൂർ: വളർത്തുനായയുടെ കുര കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയിൽ ഇരുകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. തൃശൂർ പെരിങ്ങാവ് സ്വദേശിനി സിന്ധു ബൽറാം സമർപ്പിച്ച പരാതിയിലാണ് നടപടി.
അയൽവാസിയുടെ നായ തുടർച്ചയായി കുരയ്ക്കുന്നതുകാരണം കുടുംബാംഗങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്നണ് പരാതി. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
തൃശൂർ കോർപ്പറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെയും അയൽവാസിയുടെയും വീടുകളിൽ നായ്ക്കളെ വളർത്താൻ ലൈസൻസില്ലെന്ന് പറയുന്നു. ലൈസൻസ് എടുക്കാൻ ഏഴു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിനുള്ളിൽ ലൈസൻസ് എടുത്തില്ലെങ്കിൽ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തന്റെ വളർത്തു നായക്ക് 2022 ൽ ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. പ്രസ്തുത നോട്ടീസിന് മേൽ സ്വീകരിച്ച നടപടികൾ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ കമ്മീഷൻ നിർദേശം നൽകിയത്.