കടുത്തുരുത്തി; തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് മേഖലയില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി മൃഗസ്നേഹികൾ.
മുട്ടുചിറയില്‍ കാറ്റില്‍ മറിഞ്ഞുവീണ കാഞ്ഞിര മരത്തില്‍ നിന്നും ആളുകള്‍ തൊലി ശേഖരിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നു.
കാഞ്ഞിര മരത്തിന്റെ തൊലി ഇറച്ചിയുമായി ചേര്‍ത്ത് വേവിച്ചു നായ്ക്കള്‍ക്ക് ഭക്ഷണമായി നല്കിയാല് ഇതു കഴിക്കുന്ന നായ്ക്കള്‍ ചത്തുപോകുമെന്നു കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു . മുളക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നായ്ക്കള്‍ കൂട്ടമായി ചത്ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പെരുവ സ്വദേശിയായ ടി.എം. സദന് വെള്ളൂര്‍ പോലീസില്‍ പരാതി നല്കി. സംഭവം സംബന്ധിച്ച് വെള്ളൂര്‍ പോലീസ് കേസെടുത്തു.
മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍, കാഞ്ഞിരവളവ്, വരാക്കുന്നേല് കോളനി എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഉച്ചയോടെ ചത്ത നായ്ക്കളുടെ മൃതദേഹം നാട്ടുകാര്‍തന്നെ കുഴിയെടുത്ത് മറവ് ചെയ്തു. മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. വളര്‍ത്തുമൃഗങ്ങളെയും കുട്ടികളെയും ഉള്‍പ്പെടെ നായ്ക്കള്‍ ആക്രമിക്കുന്നത് പതിവായിരുന്നു.
വൈക്കം മുനിസിപ്പാലിറ്റിയിലും തലയോലപ്പറമ്പ്, ചെമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, മാഞ്ഞൂര്‍, ഞീഴൂര്‍, ടിവിപുരം, ഉദയനാപുരം പഞ്ചായത്ത് പ്രദേശങ്ങളിലുമായി തെരുവുനായ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ പ്രദേശങ്ങളില്‍ മാത്രം നാല്പതിലധികം പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
കഴിഞ്ഞ ദിവസം കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെ തലപ്പാറയ്ക്കു സമീപത്തുവച്ചു നായ ആക്രമിച്ചിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പത്രവിതരണത്തിനിടെ ഞീഴൂരില്‍ ഏജന്റിന് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.