കോട്ടയം: തലയിൽ ആഴത്തിൽ മുറിവേറ്റ് നായ ചത്തത് വെടിയേറ്റെന്ന പരാതിയുമായി ഉടമ രംഗത്ത്. നഗരമധ്യത്തിൽ കീഴുക്കുന്ന് ഭാഗത്ത് നായ ചത്തത് തലയ്ക്കു വെടിയേറ്റാണെന്ന ഉടമയുടെ പരാതിയിൽ കേസെടുത്തു.
ഞായറാഴ്ച രാവിലെ 10.30നാണ് കീഴുക്കുന്ന് ഭാഗത്തെ യുവാവിന്റെ വീട്ടുമുറ്റത്ത് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. കണ്ണിനു മുകളിൽ ആഴത്തിൽ മുറിവേറ്റിരുന്നു.
സ്ഥലത്ത് എത്തിയ ഈസ്റ്റ് എസ്ഐ രഞ്ജിത്ത് വിശ്വനാഥൻ നായയുടെ തലയിൽ ഈച്ച കുത്തിയുണ്ടായ മുറിവാണ് മരണ കാരണമെന്നു പറഞ്ഞു. ഈച്ച കുത്തിയതല്ല വെടിയേറ്റാണ് നായ മരിച്ചതെന്ന് ഉടമയും വാദിച്ചു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഉടമയും നായ പ്രേമി സംഘടനകളും ഈസ്റ്റ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറായില്ലന്ന് ഇവർ ആരോപിച്ചു. നായയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഉടമ പോലീസിനെയും മൃഗാശുപത്രി അധികൃതരെയും സമീപിച്ചു.
പോലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ നായയുടെ പോസ്റ്റ്മോർട്ടം നടത്താനാവൂ എന്ന നിലപാടാണ് മൃഗാശുപത്രി അധികൃതർ സ്വീകരിച്ചത്. തുടർന്നു നായപ്രേമികൾ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കു പരാതി നൽകി. മേനക ഗാന്ധിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് പോലീസ് കേസെടുത്തത്.
പോലീസ് അനുമതി ലഭിച്ച ശേഷം ഇന്നു രാവിലെ കോടിമത മൃഗാശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.