ചെറുതോണി: വാഴത്തോപ്പ് കൊക്കരകുളത്ത് പേയിളകിയ നായ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം നായയെ തല്ലിക്കൊന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അക്രമണകാരിയായ നായയെ പ്രദേശവാസികൾ കണ്ടത്. ആദ്യമായാണ് ഈ നായയെ ഗ്രാമത്തിൽ കണുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഓടിനടന്ന നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ചു. മാടവന ബിജു, കൊച്ചുപറന്പിൽ ജിജി, മാടവന ബൈജു, മാങ്കുഴിയിൽ കലേഷ്, കുഞ്ചുകുന്നേൽ രാജു എന്നിവരുടെ ആട്, പശു, നായ തുടങ്ങിയ വളർത്തുമൃഗങ്ങൾക്കാണ് കടിയേറ്റത്.
സംഭവം അറിഞ്ഞതോടെ ആളുകൾ വീടുകൾ പൂട്ടി അകത്തിരുന്നു.സ്ഥലം വാർഡ് മെന്പറും പഞ്ചായത്ത് പ്രസിഡന്റുമായ റിൻസി സിബി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഇടുക്കി പോലീസിന്റെ വാഹനത്തിനു മുൻപിലാണ് ഈ നായ വന്നുചാടിയത്. ഉടനെ സമീപത്തെ വേലിപൊളിച്ച കന്പ് ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർ നായയെ കൊല്ലുകയായിരുന്നു.
പോലീസിന്റെ സമയോചിതമായ ഇടപെടലിനെ ജനങ്ങൾ പ്രശംസിച്ചു. ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ടി.സി. മുരുഗൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജീനു ആർ, ചന്ദ്രൻ, നജീബ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കടിയേറ്റ വളർത്തു മൃഗങ്ങൾക്ക് കുത്തിവെയ്പ്പെടുക്കുവാൻ തടിയന്പാട് വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരായ ജിഷ, ക്ലിന്റൻ എന്നിവർ സ്ഥലത്തെത്തി.