ആരുടെയും കരളലിയിക്കുന്നതാണ് 15 വയസുള്ള ക്യാപിറ്റന്‍ എന്ന അല്‍സേഷ്യന്‍ നായയുടെ ജീവിത കഥ. നീണ്ട 11 വര്‍ഷം തന്റെ ജയമാനന്റെ കല്ലറയ്ക്കരികില്‍ കാവല്‍ നിന്നാണ് വിശ്വസ്തനായ ഈ നായ ലോകശ്രദ്ധ നേടിയത്.
അര്‍ജന്റീനയിലെ കോര്‍ഡോബയിലുള്ള വില്ലാ കാര്‍ലോസ് പാസില്‍ നിന്നുള്ളതാണ് ഹൃദയസ്പര്‍ശിയായ ഈ സംഭവം. 2006ലാണ് ക്യാപിറ്റന്റെ ഉടമ മിഗ്വേല്‍ ഗുസ്മാന്‍ മരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കകം ക്യാപിറ്റനെ കാണാതായിരുന്നു. ഏറെ തിരച്ചിലുകള്‍ നടത്തിയെങ്കിലും ക്യാപിറ്റനെ കണ്ടെത്താനായില്ല. ക്യാപിറ്റന്‍ എവിടേക്കോ ഓടിപ്പോയതാകാമെന്നാണ് അവര്‍ കരുതിയത്.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തന്റെ യജമാനന്റെ കല്ലറയ്ക്കരികില്‍ ക്യാപിറ്റനെ കണ്ടെത്തിയപ്പോഴാണ് വീട്ടുകാര്‍ അമ്പരന്നത്. എങ്ങനെയാണ് ക്യാപിറ്റന്‍ സെമിത്തേരിയിലെത്തിയതെന്ന് ഇന്നും ആര്‍ക്കുമറിയില്ല.
മിഗ്വലിന്റെ ഭാര്യയാണ് മസങ്ങള്‍ക്കു ശേഷം കല്ലറയ്ക്കരികില്‍ കാവല്‍ നില്‍ക്കുന്ന ക്യാപിറ്റനെ കണ്ടെത്തിയത്. ഇവര്‍ ക്യാപിറ്റനെ പലതവണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും വീട്ടില്‍ നില്‍ക്കാന്‍ കൂട്ടാക്കാതെ ക്യാപ്റ്റന്‍ സെമിത്തേരിയിലേക്കു തന്നെ മടങ്ങി.
ക്യാപിറ്റന്‍ സെമിത്തേരിയിലെത്തിയതിനെക്കുറിച്ച് അവിടുത്തെ ഡയറക്ടര്‍ ഹെക്ടര്‍ ബക്കേഗ മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെയാണ്. ഒരു ദിവസം എവിടെനിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ നായ സെമിത്തേരിയില്‍ മുഴുവന്‍ ചുറ്റിത്തിരിഞ്ഞു നടന്നു.
മണം പിടിച്ച് ഒടുവില്‍ ഒരു കല്ലറയ്ക്കു സമീപമിരുന്നു. കാര്യമെന്താണെന്ന് അന്ന് മനസ്സിലായില്ലെങ്കിലും നായയെ അവിടെ നിന്നും പുറത്താക്കിയില്ല. ആദ്യ ദിവസങ്ങളില്‍ സെമിത്തേരിക്കു ചുറ്റും നടക്കുമായിരുന്നു. എങ്കിലും വേഗം തന്നെ കല്ലറയ്ക്കരികിലേക്ക് മടങ്ങുമായിരുന്നു.
എല്ലാ ദിവസവും കൃത്യം ആറ് മണിയാകുമ്പോള്‍ കല്ലറയ്ക്കു മുകളില്‍ കയറി കിടക്കും. അന്നു മുതല്‍ ക്യാപിറ്റന്റെ സംരക്ഷണ ചുമതല ഹെക്ടര്‍ ഏറ്റെടുത്തു. പിന്നീടാണ് മിഗ്വേലിന്റെ കുടുംബാംഗങ്ങളെത്തി ക്യാപിറ്റനെ തിരിച്ചറിഞ്ഞതും നായ ഇവിടെ തങ്ങുന്നതിന്റെ രഹസ്യം വ്യക്തമാക്കിയതും. ഇക്കാലമത്രയും രാത്രി മുഴുവന്‍ തന്റെ യജമാനനൊപ്പമായിരുന്നു ക്യാപിറ്റന്റെ കിടപ്പ്.
ഏകദേശം 11 വര്‍ഷത്തോളം യജമാനന്റെ കല്ലറയ്്ക്കു കാവലാളായി ക്യാപിറ്റന്‍ ജീവിച്ചു. ഇതിനിടയില്‍ ലോകമാധ്യമങ്ങെല്ലാം ക്യാപിറ്റന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ ലോകമെമ്പാടുമുള്ളവര്‍ക്ക് ക്യാപിറ്റന്‍ പ്രിയപ്പെട്ടവനായി.
അങ്ങനെ സെമിത്തേരിയില്‍ കഴിയവേയാണ് നാല് വര്‍ഷം മുന്‍പ് മൃഗഡോക്ടറുടെ അടുത്ത് പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ കിഡ്‌നി തകരാറിലാണെന്നറിയുന്നത്. പിന്നീട് അതിനനുസരിച്ചുള്ള ഭക്ഷണവും മരുന്നുകളുമൊക്കെയാണ് ക്യാപിറ്റനു നല്‍കിയിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ക്ഷീണിതനായിരുന്നു. പ്രായവും ശാരീരിക തകരാറുകളും കാരണം ഓപ്പറേഷന്‍ നടത്തിയാലും ക്യാപിറ്റന്റെ ജീവന്‍ രക്ഷിക്കാനാവില്ലന്ന് പരിശോധിച്ച ഡോക്ടര്‍ ക്രിസ്റ്റ്യന്‍ സെമ്പിളും വിധിയെഴുതി.
ഇതോടെ സ്വാഭാവിക മരണത്തിനായി സെമിത്തേരിയിലേക്കു തന്നെ ക്യാപ്റ്റനെ മടക്കിയയച്ചു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സെമിത്തേരിയിലെ യജമാനന്റെ കല്ലറയ്ക്കരികില്‍ ചിലവഴിച്ച ക്യാപിറ്റന്‍ അവിടെത്തന്നെ കിടന്ന് മരണത്തെയും പുല്‍കി.
കാര്‍ലോസ് പാസിലെ ജനങ്ങള്‍ക്ക് ക്യാപിറ്റന്‍ വെറുമൊരു നായയായിരുന്നില്ല. യജമാനനന്‍ തിരിച്ചു വരുന്നതും കാത്ത് 9 വര്‍ഷത്തോളം ജപ്പാനിലെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്ന ഹാച്ചിക്കോയെ പോലെയും അകിതയെപ്പോലെയുമുള്ള വിശ്വസ്തനായ നായയുടെ പ്രതീകമായിരുന്നു അവന്‍.
യജമാനന്റെ കല്ലറയ്ക്കരികില്‍ തന്നെയാണ് ക്യാപിറ്റനെയും സംസ്‌ക്കരിച്ചത്. ക്യാപിറ്റന്റെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകം പണിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍. മനുഷ്യരില്‍ നിന്ന് സ്‌നേഹം അകന്നു പോയ്‌ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തലില്‍ ഒരു ഓര്‍മപ്പെടുത്തലാണ് ക്യാപിറ്റന്റെ ജീവിതം.